വിർറ്റംബർഗ് (ജർമനി): യൂറോ കപ്പ് ഗ്രൂപ്പ് എ യില്‍ 100-ാം മിനിറ്റിലെ ഗോളില്‍ ജയവുമായി ഹംഗറി. സ്കോട്ട്ലൻഡിനെ ഏകപക്ഷീയമായ ഗോളിന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. ജർമനിയും സ്വിറ്റ്സർലൻഡും ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പിച്ചു. ഇൻജുറി ടൈമില്‍ പകരക്കാരനായെത്തിയ കെവിൻ ചൊബോത്തിന്റെ കൗണ്ടർ അറ്റാക്ക് ഗോളാണ് ഹംഗറിക്ക് അവസാന നിമിഷത്തില്‍ ജയമൊരുക്കിയത്. തോല്‍വിയോടെ സ്കോട്ട്ലൻഡ് ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായി യൂറോകപ്പില്‍നിന്ന് മടങ്ങി. ഹംഗറിക്കെതിരേ ജയിച്ചാല്‍ സ്കോട്ട്ലൻഡിന് നോക്കൗട്ടിലേക്ക് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ പരാജയപ്പെട്ടതോടെ ആ വഴിയടഞ്ഞു എന്ന് മാത്രമല്ല, ഹംഗറിക്ക് പിറകിലായി ഫിനിഷ് ചെയ്യേണ്ടിയും വന്നു.
മത്സരത്തിനിടെ 69-ാം മിനിറ്റില്‍ സ്കോട്ട്ലൻഡ് ഗോള്‍ക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബർണബാസ് വർഗയ്ക്ക് ഗുരുതര പരിക്കേറ്റു. നിലത്തുവീണ ബർണബാസിന് അടിയന്തര ശുശ്രൂഷ നല്‍കാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തുകയും ചെയ്തു. തുടർന്ന് സ്ട്രെച്ചറില്‍ ബർണബാസിനെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നല്‍കുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് മറവ് തീർത്തത് ശ്രദ്ധേയമായി. പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സബോസ്ലായ് വല ലക്ഷ്യമാക്കി പായിച്ചതായിരുന്നു. ഇത് തടയാനെത്തിയ സ്കോട്ട്ലൻഡ് ഗോള്‍ക്കീപ്പർ ഗണ്‍, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തില്‍ വാർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പെനാല്‍റ്റി അനുവദിച്ചില്ല. അവസാന മിനിറ്റില്‍ ചൊബോത്ത് ഗോള്‍ നേടിയപ്പോള്‍ വർഗയുടെ ജഴ്സി കാണിച്ചായിരുന്നു ആഘോഷിച്ചത്.