പൂനൈ: ഒന്നാം ടെസ്റ്റിലെ ദയനീയ പരാജയത്തിന് പിന്നാലെ വിജയിക്കാൻ ഉറച്ചിറങ്ങിയ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംങ് തകർച്ച. ഇന്നലെ രോഹിത് പൂജ്യത്തിന് പുറത്തായപ്പോൾ, ഇന്ന് കോഹ്ലി ഒരു റണ്ണെടുത്ത് പുറത്തായി. രണ്ടാം ദിനം 33 റൺ എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് അഞ്ചു വിക്കറ്റുകളാണ്. കൂട്ട ബാറ്റിംങ് തകർച്ചയ്ക്കിടെ ഇന്ത്യയെ കാത്തിരിക്കുന്നത് ഈ ടെസ്റ്റിലും തോൽവിയാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ഇന്ന് 16 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്ന് രാവിലെ ബാറ്റിംങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഗില്ലും, ജയ്സ്വാളും കരുതലോടെയാണ് തുടങ്ങിയത്. രണ്ടു പേരും ചേർന്നുള്ള കൂട്ടുകെട്ട് സ്കോർ 50 കടത്തുകയും ചെയ്തു. സ്കോർ ബോർഡിൽ 50 എത്തിയപ്പോൾ ആദ്യം പുറത്തായത് ഗില്ലാണ്. സാറ്റ്നറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ഗിൽ പുറത്താകുമ്പോൾ 72 പന്തിൽ നിന്നും 30 റണ്ണാണ് എടുത്തിരുന്നത്. രണ്ടു ഫോറും ഒരു സിക്സും പറത്തി ട്രാക്കിലേയ്ക്കു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗില്ലിന്റെ വിക്കറ്റ് നഷ്ടമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ കോഹ്ലി ക്രീസിൽ എത്തി. ജയ്സ്വാളിന് കോഹ്ലി മികച്ച കൂട്ട് നൽകുമെന്ന് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി കളി കൈവിട്ടു പോകുന്നത്. ടീം സ്കോറിനോട് ആറു റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും കോഹ്ലി ക്ലീൻ ബൗൾഡ്. സാറ്റ്നറുടെ പന്തിൽ ബൗൾഡായി കോഹ്ലി മടങ്ങുമ്പോൾ ഒൻപത് പന്തിൽ നിന്നും ഒരു റൺ മാത്രമാണ് അദ്ദേഹം നേടിയിരുന്നത്. പിന്നാലെ സ്കോർ 70 ൽ നിൽക്കെ ജയ്സ്വാൾ ഫിലിപ്സിന്റെ പന്തിൽ ഡാരി മിച്ചലിന് ക്യാച്ച് നൽകി മടങ്ങി. പതിവിന് വിപരീതമായി വേഗം കുറച്ച് കളിച്ച ജയ്സ്വാൾ 60 പന്തിലാണ് 30 റൺ നേടിയത്.
പിന്നീട് എത്തിയ പന്ത് പതിവ് പോലെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചെങ്കിലും , ഗുഡ് ലെംങ്തിന് തൊട്ടു മുൻപിൽ പിച്ച് ചെയ്ത ഫിലിപ്സിന്റെ പന്തിൽ ആഞ്ഞു വീശി ക്ലീൻ ബൗൾഡ് ആയി. 19 പന്തിൽ 18 റണ്ണാണ് പന്ത് നേടിയത്. പ്രതീക്ഷ നൽകിയ സർഫാസ് സാറ്റ്നറുടെ പന്തിൽ റൂർക്കിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. 24 പന്തിൽ 11 റണ്ണാണ് സർഫാസ് നേടിയത്. കിവീസ് സ്പിന്നർമാരായ മിച്ചൽ സാറ്റ്നറും, ഗ്ലെൻ ഫിലിപ്പ്സുമാണ് ഇന്ന് രണ്ട് വിക്കറ്റ് വീതം പിഴുതെടുത്തിരിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 34 ഓവറിൽ ആറു വിക്കറ്റ് നഷ്ടമാക്കി 95 റൺ എടുത്തിട്ടുണ്ട്.