കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകൻ മുഹമ്മദ് സലിം(74) നിര്യാതനായി. ഖബറടക്കം പടമുകൾ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. കാക്കനാട് സഹകരണ ആശുപത്രിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ഐ എഫ് ഡബ്ല്യു ജെ നാഷണൽ കൗൺസിൽ അംഗവുമായി ദീർഘകാലം പ്രവർത്തിച്ച സലിം സീനിയർ ജേണലിസ്റ്റ്സ് ഫോറം സ്ഥാപക നേതാക്കളിലൊരാളായിരുന്നു. സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ സെക്രട്ടറിയായിരുന്ന സലിം ഫോറം സംസ്ഥാന കമ്മിറ്റി അംഗമായും ഐ എഫ് ഡബ്ല്യു ജെ ദേശീയ പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിൽ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ പദവികൾ വഹിച്ച സലിം പ്രസ് ക്ലബ്ബിന്റെ ആക്റ്റിങ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ എ സി ജോസിന്റെ പത്രാധിപത്യത്തിൽ നടത്തിയിരുന്ന ടെലക്സ്, വീക്ഷണം, മംഗളം, മലയാള മണ്ണ്, കോഴിക്കോട്ടെ ന്യൂസ് കേരള എന്നി പത്രങ്ങളിൽ ജോലി ചെയ്തു. ന്യൂസ് കേരളയിൽ നിന്നാണ് വിരമിച്ചത്. കുറച്ചു കാലം പാര എന്ന ആക്ഷേപഹാസ്യ മാസികയും നടത്തി. ഇ കെ നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ കേരള പത്രപ്രവർത്തക യൂണിയനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശക സമിതിയിൽ അംഗമായി. 1973-ൽ കേരളം സന്തോഷ് ട്രോഫി നേടിയതു മുതൽ കൊച്ചിയിൽ നടന്ന എല്ലാ ഫുട്ബോൾ മേളകളുടേയും പബ്ലിസിറ്റി കൺവീനറായിരുന്നു. മികച്ച ഫുട്ബോൾ കമന്റേറ്ററായും ശോഭിച്ചു. ഒടുവിൽ മീഡിയ കൊച്ചിൻ എന്ന പബ്ളിക് റിലേഷൻസ് സ്ഥാപനം നടത്തിവരികയായിരുന്നു.കോട്ടയം ചുങ്കം ഇടാട്ടുതറയിൽ പരേതനായ കെ. അലിയാരുടേയും കോടിമത മഠത്തിപ്പറമ്പിൽ പരേതയായ കെ.ഹലീമാബീവിയുടേയും മകനായ സലിം വർഷങ്ങളായി എറണാകുളത്താണ് താമസം. ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസറായിരിക്കെ റിട്ടയർ ചെയ്ത ഡോ. പി എ പരിമളകുമാരിയാണ് ഭാര്യ. മക്കൾ: തൻവീർ എം. സലിം( ഫ്ളവറി, പാലാരിവട്ടം), തസ് വീർ എം. സലിം(ദുബൈ).കേരള പത്രപ്രവർത്തക യൂണിയന് പ്രസിഡന്റ് എം. വിനീത, സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് എ മാധവൻ, എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് എന്നിവർ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു. ടി ജെ വിനോദ് എം എൽ എ യും ആദരാഞ്ജലി അർപ്പിച്ചു.