കൊച്ചി: പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സിനിമാ സംവിധായകന് ലിജു കൃഷ്ണയ്ക്കെതിരെയുള്ള കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. ആറു മാസത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതി. 2020 ഡിസംബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ കാക്കനാട്ടെ വീട്ടില്‍ വച്ചും കണ്ണൂര്‍, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാല്‍സംഗം ചെയ്തുവെന്നാണു കാക്കനാട്ടു വാടകയ്ക്കു താമസിക്കുന്ന യുവതി നല്കിയ പരാതിയിലുള്ളത്.
പരാതി ലഭിച്ച ഉടന്‍ മട്ടന്നൂരിലെ സിനിമ ലൊക്കേഷനില്‍ നിന്നാണു ലിജുവിനെ പൊലീസ് പിടികൂടിയത്. ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണു കണ്ണൂര്‍ മട്ടന്നൂര്‍ കാഞ്ചിലേരി വലിയവീട്ടില്‍ ലിജു കൃഷ്ണയെ (30) കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. ലിജുവിനെ ഞായറാഴ്ച വൈകിട്ടോടെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സംവിധായകന് അറസ്റ്റിലായതോടെ സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി.