സ്വ.ലെ
കോട്ടയം : ഒരിക്കൽ അകപ്പെട്ട് പോയാൽ പിന്നിട് മോചനമില്ലാത്ത ലഹരിയാണത്. എന്നിരുന്നാൽ കൂടിയും ആരാണ് അങ്ങനെയൊരു മോചനത്തെ ആഗ്രഹിച്ചിരിക്കുക. പക്ഷേ ആ ലഹരി നമ്മുടെ ബോധത്തെ കാർന്നു തിന്നുന്നില്ല മറിച്ച് സിരകളിൽ നിന്ന് വേർതിരിച്ചൊടുക്കുവാൻ കഴിയാത്ത തരത്തിലെന്തോ ആവേശം നിറയ്ക്കുന്ന നേരിന്റെ ചിന്താധാരയായി രൂപം മാറുകയാണ് അത്. വരയും വർണവും കഥയും കവിതയും പണവും പ്രണയവും ഒക്കെ നിറഞ്ഞിരിക്കുന്ന കലാലയ ജീവിതത്തിൽ അതിനെല്ലാം ഉപരിയായി എങ്ങനെയാകും ആ ആശയം മാത്രം ഏറെ പ്രിയപ്പെട്ടതായി മാറുക…..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്നാണ് ഭൂതകാല സ്മരണകളിലേക്കുള്ള പിൻതിരിഞ്ഞോട്ടം തുടങ്ങുന്നത്. കലാലയത്തിലേക്ക് കടന്നു വരുമ്പോൾ ശൂന്യമായിരുന്ന വിദ്യാർത്ഥി മനസ്സിലേക്ക് ആ മൂന്നക്ഷരം കയറി കൂടിയത് ക്യാമ്പസ് ചുമരുകൾ പോലും നടങ്ങുമാറുച്ചത്തിൽ കേട്ട ആ മുദ്രാവാക്യം വിളികളുടെ അകമ്പടിയാണ്. എസ്എഫ്ഐ ……. എസ് എഫ് ഐ …….
എസ്എഫ്ഐ സിന്ദാബാദ് ……
അന്ന് മുതൽ ഈ ഈരടികൾ പലപ്പോഴായി ഉയർന്ന് കേട്ടിരുന്നെങ്കിലും എന്ന് മുതലാണ് അത് ഹൃദയാ വേശമായി മാറിയത്. മുണ്ടുടുത്ത് വെളുത്ത കൊടിയുമായി ക്ലാസിനുള്ളിലേക്ക് കയറി വന്ന ആദ്യ ദിനത്തിൽ ഗെയ്റ്റിന് മുന്നിൽ കണ്ട അതേ മുഖങ്ങൾ പറഞ്ഞു തന്ന വാക്കുകളിൽ നിന്ന് കൂടുതലായി അറിഞ്ഞു. സീനിയേഴ്സിൽ നിന്നും അദ്ധ്യാപകരിൽ നിന്നും എല്ലാം വീണ്ടും കൂടുതലറിഞ്ഞു. കുറെ വായിച്ചു കൊടിയുമേന്തി പ്രകടനങ്ങളെ അനുഗമിച്ച് കൂടുതൽ അടുത്ത് അറിഞ്ഞു. അവിടെ ജീവിതത്തിന് പുതിയ മാനങ്ങൾ രൂപപ്പെടുകയായിരുന്നു. ചിന്തകളിൽ മൂർച്ചയേറിയ വാക്കുകൾ കടം കൊണ്ട് മനസ്സും ശരീരവും പുത്തൻ ദിശാബോധത്തിലേക്ക് പടർന്നു കയറുകയായിരുന്നു.
ക്ലാസ് മുറിയിൽ തല ചുറ്റി വീണ കുട്ടിയെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കിയ ശേഷം ഭക്ഷണം വാങ്ങി നൽകി മടങ്ങുമ്പോൾ , ഫീസ് വർധനക്കെതിരെ സർവകലാശാല ഉപരോധിക്കുമ്പോൾ , പെൺകുട്ടികളെ നിരന്തരമായി അപമാനിച്ചതിനെ ചോദ്യം ചെയ്ത് പ്രശ്നം അവസാനിപ്പിച്ചപ്പോൾ , എണ്ണമറ്റ അക്കാദമിക വിഷയങ്ങളിൽ കരുത്തും കരുതലുമായപ്പോൾ അങ്ങനെ അങ്ങനെ പറഞ്ഞവസാനിപ്പിക്കുവാൻ കഴിയാത്ത വികാരാവേശത്തിന്റെ ജ്വലിക്കുന്ന അഗ്‌നിയായി ആ മുന്നക്ഷരങ്ങൾ പടർന്നു കയറി. തിരഞ്ഞെടുപ്പ് കാലവും സംഘടനാ കമ്മറ്റിയിലേക്കുള്ള കടന്ന് വരവും , ഒന്ന് ചേർന്നുള്ള സമരങ്ങളും നവാഗതരെ സ്വീകരിക്കുവാൻ രാത്രി ഏറെ വൈകിയും ഉള്ള പ്രചരണങ്ങളും . പട്ടിണിയും ലഭിച്ച ഭക്ഷണത്തെ ഒരു പാത്രത്തിൽ പലതായി പകുത്തു കഴിച്ച സോഷ്യലിസത്തിന്റെ ഉദാത്തതയും, കലോത്സവങ്ങളും ആരവങ്ങളും അങ്ങനെ പറഞ്ഞ് തീർക്കുവാൻ കഴിയാത്ത ഹൃദയത്തിൽ അത്ര കണ്ട് തറച്ച് പോയ ഹൃദയവികാരത്തിന്റെ പരിച്ഛേദം കൂടിയായി ആ പ്രസ്ഥാനം വളരുകയായിരുന്നു. ഒടുവിൽ കലാലയ ജീവിതത്തിൽ നിന്നും കാലം കണക്കു പറഞ്ഞ് ഇറക്കുമ്പോൾ ഏറെ വേദനിച്ചതും എസ് എഫ് ഐ സമ്മാനിച്ച ഓർമ്മകളുടെ നഷ്ടബോധം തന്നെയായിയിരുന്നു.
ഓർമ്മകൾ ഇങ്ങനെ പൂത്തുലഞ്ഞ് നിൽക്കുമ്പോൾ കാലത്തെ തോൽപ്പിച്ച് കർമ്മ പഥത്തിൽ അണയാത്ത അഗ്നി പകർന്ന് ഇന്നും കരുത്തോടെ കരുതലോടെ നിൽക്കുകയാണ് എസ് എഫ് ഐ എന്ന മൂന്നക്ഷരം കാലമെത്ര കടന്നു പോയാലും മായാത്ത രക്ത നക്ഷത്രത്തിന്റെ അനശ്വര സ്മരണയിൽ ഒരു നാളും അവസാനിക്കാത്ത ഓർമ്മകളുടെ വസന്തകാലം ജീവിതത്തിനെ കൂടുതൽ അർത്ഥ പൂർണമാക്കുമെന്നത് തീർച്ച.
*എസ് എഫ് ഐ ചരിത്രത്തിന്റെ ഇന്നലെകൾ*
1936 ഓഗസ്റ്റ് 12-ാം തീയതി ലഖ്നൗവിൽ അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ രൂപവത്കരണസമ്മേളനം ചേർന്നത്. പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഉദ്ഘാടനംചെയ്ത സമ്മേളനത്തിൽ മുഹമ്മദലി ജിന്ന അധ്യക്ഷതവഹിച്ചു. ഈ സംഘടന സ്വാതന്ത്ര്യസമരത്തിൽ ധീരോജ്ജ്വല പങ്കുവഹിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യസമ്പാദനാനന്തരം ഇന്ത്യൻ സാഹചര്യങ്ങൾ വിലയിരുത്തുന്നതിൽ ശക്തമായ വ്യത്യസ്തചിന്താഗതികൾ സംഘടനയിൽ അനൈക്യം സൃഷ്ടിച്ചു. 1960-കളുടെ മധ്യത്തിൽ കേരളത്തിൽ കേരള വിദ്യാർഥി ഫെഡറേഷന്റെ രൂപവത്കരണത്തിലേക്ക് നയിച്ചത് ഇതാണ്.
മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ സംസ്ഥാനതല സംഘടനകൾ രൂപവത്കരിക്കപ്പെട്ടു. ഇത്തരം സമരോത്സുക സംഘടനകൾ കൂടിച്ചേർന്നാണ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ.) രൂപംകൊണ്ടത്.
ഒരണസമരവും, കേരളരാഷ്ട്രീയത്തിൽ യുവതുർക്കികളെ സൃഷ്ടിച്ചും ക്യാമ്പസുകളിൽ കെഎസ്‍യു വളരുമ്പോഴാണ് 1970 ഡിസംബർ മാസം തിരുവനന്തപുരത്ത് എസ്എഫ്ഐയുടെ പിറവി. സിപിഎം വിദ്യാർത്ഥി സംഘടനായ സ്റ്റുഡന്‍റസ് ഫെഡറേഷൻ എ.കെ.ഗോപാലന്‍റെ ആശിസുകളോടെ എസ്എഫ്ഐയായി. സി ഭാസ്കരനായിരുന്നു ആദ്യ അഖിലേന്ത്യാ പ്രസിഡന്‍റ് പശ്ചിമബംഗാളിൽ നിന്നുള്ള ബിമൻ ബസു സെക്രട്ടറിയുമായി .
പുതിയ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ കടന്ന് വരവ് ക്യാമ്പസുകളിലെ ജനാധിപത്യ വേദികളെ സജീവമാക്കി. അടിയന്തരാവസ്ഥ കാലത്തെ പ്രതിസന്ധിയായിരുന്നു എസ്എഫ്ഐ നേരിട്ട ആദ്യ വെല്ലുവിളി. കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ.കെ.ബാലൻ, എം.എ.ബേബി, ജി.സുധാകരൻ തുടങ്ങിയ ഇന്നത്തെ ഒന്നാംനിര സിപിഎം നേതാക്കൾ രൂപപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്.
കെഎസ്‍യുമായും കെഎസ്‍സിയുമായും ആശയപരമായും കായികമായും ഏറ്റുമുട്ടിയായിരുന്നു ആദ്യകാലങ്ങളിൽ എസ്എഫ്ഐയുടെ വളർച്ച. ദേവപാലൻ മുതൽ അഭിമന്യുവരെ നീളുന്ന രക്തസാക്ഷികൾ. പൊതുസമൂഹത്തിൽ എസ്എഫ്ഐയുടെ രാഷ്ട്രീയ ശൈലി ചോദ്യംചെയ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികളുടെ വലിയ പിന്തുണ ക്യാമ്പസുകളിൽ എസ്എഫ്ഐയെ അനിഷേധ്യ സാന്നിദ്ധ്യമാക്കി. ഇന്ത്യൻ രാഷ്ട്രീയത്തിൽ എസ്എഫ്ഐയെ അടയാളപ്പെടുത്തുന്നതും ഏറ്റെടുത്ത സമരങ്ങളാണ്. അടിയന്തരാവസ്ഥ കാലം മുതൽ ജെഎൻയു പ്രക്ഷോഭം വരെ നീളുന്നു എസ്എഫ്ഐയുടെ സമരനാൾവഴികൾ.സി.പി.എം.
രാഷ്ട്രീയത്തിൽ എൺപതുകളോടെയാണ് പ്രധാന ശക്തിസ്രോതസ്സായി എസ്.എഫ്.ഐ. മാറുന്നത്. എൺപതുകളുടെ പകുതിയോടെ സംസ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ജയിക്കുന്നതിനുപുറമേ എല്ലാ സർവകലാശാലാ യൂണിയനുകളും എസ്.എഫ്.ഐ.യുടെ അധീനതയിൽവരുന്ന സ്ഥിതിയായി.വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണത്തിനെതിരായ പോരാട്ടവും ധൈഷണികരംഗത്തെ ഇടപെടലും എസ്.എഫ്.ഐ.ക്ക് മേൽക്കൈയുണ്ടാക്കി.
കേരളത്തിൽ യുഡിഎഫ് സർക്കാരുകളുടെ കാലത്തെ പോരാട്ടങ്ങൾ കൂടുതൽ ശ്രദ്ധ നേടി. അൻപതാം വയസിലേക്ക് എത്തുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം എസ്എഫ്ഐയാണ്. ഗവണ്‍മെന്‍റ് എയിഡഡ് സ്ഥാപനങ്ങളിലേക്ക് പുറത്ത് സ്വകാര്യ കോളേജുകളിലെക്ക് വേരുകൾ പടർത്താൻ കഴിയാത്തതാണ് വെല്ലുവിളി. അരാഷ്ട്രീയവും, വർഗീയവുമായുള്ള ഇടപെടലുകൾക്കെതിരെയാണ് സുവർണജൂബിലികാലത്ത് എസ്എഫ്ഐയുടെ പോരാട്ടം. തിരുവനന്തപുരത്ത് ഒന്നാം സമ്മേളനത്തിന്റെ പ്രകടനത്തിനിടയിലേക്ക് ബസ് ഇരച്ചുകയറിയതിൽ ചതഞ്ഞ് മരിച്ച ദേവപാലൻമുതൽ അഭിമന്യുവരെ 33 പേരാണ് എസ്.എഫ്.ഐ. പ്രവർത്തനത്തിനിടയിൽ രക്തസാക്ഷികളായത്.
ഇനിയും പേരറിയാത്ത പതിനായിരങ്ങളുടെ ത്യാഗോജ്വല പോരാട്ടത്തിന്റെ അവശേഷിപ്പുമായാണ് കേരളത്തിന്റെ കലാലയങ്ങളിൽ ഈ പ്രസ്ഥാനം വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നത്. ഒരു നാളും കെട്ടടങ്ങാതെ ഒരു പ്രവർത്തകനും ഒരു നാളിലും പിൻമടങ്ങി പോകാതെ ഇരിക്കുകയും ചെയ്യുന്ന കാലത്തോളവും രാജ്യത്തിന്റെ ലോകത്തിന്റെ നെറുകയിൽ ആ നക്ഷത്രാങ്കിത ശുഭ്ര പതാക ഉയർന്ന് പാറുക തന്നെ ചെയ്യും.