തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിലെ റാഗിങ്ങ് പശ്ചാത്തലം പോലീസ് അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. കേരള കാർഷിക സർവകലാശാലയിൽ ഒന്നാംവർഷ ഹോർട്ടികൾച്ചർ വിദ്യാർത്ഥി മഹേഷ് (19) ആത്മഹത്യ ചെയ്തത് ദുരൂഹമായ സാഹചര്യത്തിലാണ്. ക്രൂരമായ റാഗിങ്ങിന് മഹേഷ് ഇരയാക്കപ്പെട്ടിരുന്നുവെന്ന് സഹപാഠികൾ വെളിപ്പെടുത്തുകയും പോലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കെ.എസ്.യു വിനും വലതുപക്ഷ അരാജകവാദികൾക്കും വലിയ സ്വാധീനമുള്ള ക്യാമ്പസ് ആണ് ഹോർട്ടികൾച്ചർ കോളേജ്. നിരന്തരമായി വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കുന്ന സാഹചര്യം അവിടെ നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികളും അധികാരികൾക്ക് വിദ്യാർഥികൾ സമർപ്പിച്ചിട്ടുണ്ടായി. പഠിച്ചിറങ്ങി വർഷങ്ങളായിട്ടും മുൻ കെ.എസ്.യു നേതാവുൾപ്പെട്ടെ ചില വിദ്യാർഥികൾ ഹോർട്ടികൾച്ചർ കോളേജ് ഹോസ്റ്റലിൽ തമ്പടിച്ചു കൊണ്ട് വിദ്യാർത്ഥികളെ റാഗ് ചെയ്യുന്ന സംഭവങ്ങൾ പുറത്തു വരുന്നുണ്ട്. റാഗിംങ്ങ് വിഷയത്തെ മൂടി വയ്ക്കുന്നതിനും ഒതുക്കി തീർക്കുന്നതിനുമാണ് അവിടത്തെ ഒരു വിഭാഗം അദ്ധ്യാപകരും അധികാരികളും ശ്രമിക്കുന്നത്. മഹേഷിന്റെ ആത്മഹത്യയിലെ റാഗിംഗ് പശ്ചാത്തലം പോലീസ് അന്വേഷിക്കണമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.