കോഴിക്കോട് : വിജയ പ്രതീക്ഷയില്‍ വടകര ലോക്സഭാ മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർത്ഥികള്‍. കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരൻ വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി എളമരം കരീം പ്രതികരിച്ചു. ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിറ്റിംഗ് എംപി എം കെ രാഘവനെക്കുറിച്ച് പ്രത്യേകിച്ച് വിമർശനമൊന്നും താൻ ഉന്നയിക്കുന്നില്ലെന്നും എളമരം കരീം കൂട്ടിച്ചേർത്തു. വടകരയില്‍ ഇത്തവണ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയും പ്രതികരിച്ചു.
ആരോഗ്യ മന്ത്രിയായ കാലത്തെ പ്രവർത്തനം മണ്ഡലത്തില്‍ തനിക്ക് നേട്ടമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ശൈലജ, വടകര ഇടതുപക്ഷത്തിൻ്റെ ശക്തി കേന്ദ്രം തന്നെയാണെന്നും ജയിക്കാൻ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വിശദീകരിച്ചു. ടി പി ചന്ദ്രശേഖരൻ വധകേസും വിധിയും കോടതിയുടെ മുന്നിലുള്ള വിഷയമാണ്. അത് മാത്രം പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. രാജ്യത്തിൻ്റെ പ്രശ്നങ്ങള്‍ എല്ലാം ഒരു കേസിന് മുന്നില്‍ ഒളിക്കാനാവില്ലെന്നായിരുന്നു ടിപി കേസ് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ മറുപടി. വടകരയില്‍ മുരളീധരൻ വികസനം കൊണ്ട് വന്നോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടേയും കെകെ ശൈലജ കൂട്ടിച്ചേർത്തു.