കരാർ ലംഘിച്ച് അഭിനയിച്ച സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കാത്ത നടി സംയുക്തയ്‌ക്കെതിരെ കടുത്ത വിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ. ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവർ വന്നില്ല?–ഷൈൻ ടോം ചോദിക്കുന്നു. പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി പ്രതികരിച്ചത്.
‘‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ’–ഷൈൻ ടോം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ കരിയറിന് ഈ പ്രമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണ് നടിയെന്ന് നിർമാതാവും പ്രതികരിച്ചു. ‘‘മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം, എന്നൊക്കെയാണ് എന്നോട് അവർ പറഞ്ഞത്.
ഈ സിനിമയിലെ ലീഡ് കഥാപാത്രം ആണ്. വളരെ നന്നായി അഭിനയിക്കുകയും ചെയ്തു. സിനിമയുടെ എഗ്രിമെന്റിൽ തന്നെ പ്രമോഷന് വരണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ സിനിമയുടെ റിലീസിങ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും അവർക്ക് വരാമായിരുന്നു. ഷൈൻ ചേട്ടൻ ഉണ്ടല്ലോ, മീഡയയ്ക്കു വേണ്ട കണ്ടന്റ് അദ്ദേഹം കൊടുത്തോളും എന്നും പറഞ്ഞു.’’–നിർമാതാവ് പറഞ്ഞു.
സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്‌ൻ ഡേവിസ്, എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് ‘ബൂമറാങ്’. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന, ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിച്ച് മനു സുധാകരൻ സംവിധാനം ചെയ്യുന്ന ‘ബൂമറാങ്’ ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തും.