കോടിമതയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
ക്രൈം ഡെസ്ക്
കോട്ടയം: നഗരത്തിൽ മുള്ളങ്കുഴി സ്വദേശിയായ ഷാനെ അതിക്രൂരമായി തല്ലിക്കൊന്ന കൊടുംകുറ്റവാളി കെ.ഡി ജോമോൻ, ഷാനെ തട്ടിക്കൊണ്ടു പോയതിനു സമാനമായി രണ്ടു മാസം മുൻപ് പിടിച്ചുകൊണ്ടു പോയി ക്രൂരമായ മർദനത്തിന് ഇരയാക്കിയ യുവാവിനെപ്പറ്റി മാസങ്ങൾ കഴിഞ്ഞിട്ടും വിവരമില്ല. കോട്ടയം നഗരമധ്യത്തിൽ നിന്നും ജോമോൻ തട്ടിക്കൊണ്ടു പോയ ആലുവ സ്വദേശിയായ പ്രസാദിനെയാണ് രണ്ടു മാസം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്തത്. പ്രസാദിന് ഒപ്പം താമസിക്കുന്ന ലത ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നൽകിയിട്ടും ഇതുവരെയും പ്രസാദിനെ കണ്ടെത്താൻ ജില്ലാ പൊലീസിനു സാധിച്ചിട്ടില്ല. രണ്ടു മാസം മുൻപുണ്ടായ സംഭവത്തിൽ അന്ന് കൃത്യമായി പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ജോമോൻ ഷാനെ കൊലപ്പെടുത്തുന്ന ക്രൂരകൃത്യത്തിന് മുതിരുമായിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.
ആലുവ സ്വദേശിയും നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളുമാണ് പ്രസാദ്. ഇയാൾക്കൊപ്പമാണ് പള്ളിക്കത്തോടെ സ്വദേശിയായ ലത താമസിക്കുന്നത്. ചന്തക്കടവിലെ കടമുറിയിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. നഗരത്തിൽ മദ്യവിൽപ്പന നടത്തിയതിനു പ്രസാദിനെതിരെ അബ്കാരിക്കേസ് നിലവിലുണ്ടായിരുന്നു. കോട്ടയം നഗരമധ്യത്തിൽ മദ്യവിൽപ്പന നടത്തിയതിനു 2021 ഏപ്രിൽ ഒന്നിന് പ്രസാദിനെയും ഒപ്പം താമസിച്ചിരുന്ന ലതയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നു, ഇരുവരും മെയ് 14 വരെ റിമാൻഡിൽ കഴിയുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം നവംബർ രണ്ടിന് രാത്രി ഒരു മണിയോടെ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ ഇടവഴിയിൽ വച്ച് ജോമോൻ ഓട്ടോറിക്ഷയിൽ എത്തി പ്രസാദിനെ ബലമായി പിടിച്ച് കൊണ്ടു പോകുകയായിരുന്നു. പ്രസാദിനൊപ്പമുണ്ടായിരുന്ന ലതയുടെ സമീപത്തു നിന്നാണ് ജോമോൻ ഓട്ടോറിക്ഷയിൽ കൊണ്ടു പോയത്. പ്രസാദിനെ കാണാനില്ലെന്നു കാട്ടി, ലത പൊലീസിൽ പരാതി നൽകിയിട്ടു നടപടിയില്ലാതെ വന്നതോടെ ഇവർ അഡ്വ.വിവേക് മാത്യു വർക്കിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, അഡ്വ.വിവേക് മാത്യു വർക്കിയുടെ നിർദേശാനുസരണമാണ് ലത ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്. തൊട്ടടുത്ത ദിവസം തന്നെ പ്രസാദിനെ കാണാനില്ലെന്നു കാട്ടി ലത, ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്കു പരാതി നൽകി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ലത എത്തിയിരുന്നു. എന്നാൽ, കാപ്പ ചുമത്തി നാട് കടത്തിയ കൊടുംക്രിമിനലായ ജോമോനെ പിടികൂടാൻ ഈ പരാതിയുടെ മേൽ പൊലീസ് നടപടി സ്വീകരിച്ചില്ല. ഇതോടെ ജോമോൻ സൈ്വര്യ വിഹാരം നടത്തുകയായിരുന്നു.
അന്ന് ജോമോൻ പിടിച്ചുകൊണ്ടു പോയ പ്രസാദിനെ കണ്ടെത്താൻ പിന്നീട് കഴിഞ്ഞിട്ടില്ലെന്നാണ് ലത പറയുന്നത്. എന്നാൽ, പ്രസാദ് അബ്കാരി കേസിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടെന്നും പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ പ്രസാദ് ഒളിവിലാണ് എന്നാണ് പൊലീസിന്റെ നിലപാട്.