കണ്ണൂർ : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ പറഞ്ഞു.
രാഹുല്‍ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കില്‍ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. പാർട്ടി പരിപാടികളില്‍ സ്റ്റേജില്‍ പോലും സ്ത്രീകളെ ഇരുത്തുന്നില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണ്. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു. മലബാറിലും ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫിയെ കൊണ്ടുവന്നാല്‍ പാലക്കാട് പരിക്ക് പറ്റുമെന്നും ഷമ മുഹമ്മദ് പ്രതികരിച്ചു.