ദില്ലി: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപക വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വൈ എസ് രാജശേഖര റെഡ്ഢിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുടെ സഹോദരിയുമാണ് വൈ എസ് ശര്‍മിള.
2009-ല്‍ വൈ എസ് രാജശേഖര റെഡ്ഢി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് വലിയ ആഘാതമായിരുന്നു. അതിലും വലിയ ആഘാതമായിരുന്നു, മകൻ ജഗൻമോഹന് മുഖ്യമന്ത്രി പദവി കൊടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വൈഎസ്ആറിന്റെ ഭാര്യ വൈ എസ് വിജയമ്മ തന്റെ രണ്ട് മക്കളെയും കൂട്ടി പാര്‍ട്ടി വിട്ടത്. ആന്ധ്രയൊട്ടാകെ മക്കളെയും കൂട്ടി വിജയമ്മ നടത്തിയ ‘പ്രജാ സങ്കല്പ’ എന്ന പദയാത്ര അന്ന് ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ വേരറുത്തു. വലിയ വിജയത്തോടെ 2019-ല്‍ ജഗൻമോഹൻ മുഖ്യമന്ത്രിയുമായി. എന്നാല്‍ ഇത്തവണ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.