മുംബൈ : റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്സോഫീസില്‍ 500 കോടി കളക്ഷന്‍ നേടി ഷാരൂഖ് ഖാന്റെ ജവാന്.സിനിമ ചൊവ്വാഴ്ച 14 കോടിയാണ് കളക്ഷന്‍ നേടിയത് എന്നാണ് സാക്നില്‍ക്ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇറങ്ങി 13 ദിവസത്തിനുള്ളില്‍ 507.88 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ജവാന് നേടിയത്.
സെപ്റ്റംബര്‍ 7നാണ് ജവാന് റിലീസായത്. ആദ്യദിനം തന്നെ ഇന്ത്യയില്‍ 75 കോടി നേടിയ ജവാൻ, ആദ്യ ഞായറാഴ്ച്ച 80 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയത്. ആദ്യ ആഴ്ചയില്‍ ആഭ്യന്തര ബോക്സോഫീസില്‍ 389 കോടി നേടിയ ചിത്രം രണ്ടാം ആഴ്ച പൂര്‍ത്തിയാക്കുന്നതിന് മുൻപ് തന്നെ 500 കോടി കടന്നിരിക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഠാന്, ബാഹുബലി: ദി കണ്ക്ലൂഷൻ, ഗദര്‍ 2 എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന നാലാമത്തെ ഹിന്ദി ചിത്രമാണ് ഇപ്പോള്‍ ജവാൻ. അതിനിടെ ജവാന് കെജിഎഫ് ചാപ്റ്റര്‍ 2 ന്റെ ഹിന്ദി കളക്ഷനെ മറികടന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍, ജവാൻ 883 കോടി ഗ്രോസ് കളക്ഷൻ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിക്കുന്നത്.
പഠാന് എടുത്തതിനേക്കാള്‍ ചുരുങ്ങിയ സമയം കൊണ്ട് ജവാന് 1000 കോടിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കെജിഎഫ് 2, ആര്‍ആര്‍ആര്‍ എന്നിവയെ മറികടക്കാനാവുമോ എന്ന സംശയം അവശേഷിക്കുന്നു. റിലീസിന്റെ രണ്ടാം വാരത്തിലെ പ്രവര്‍ത്തിദിനങ്ങളില്‍ കളക്ഷനില്‍ സ്വാഭാവികമായും വലിയ ഇടിവ് ഉണ്ടാവും എന്നതാണ് ഇതിന് കാരണം.
ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജവാന്. പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയം എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് ജവാന്. ബോളിവുഡിനെ സംബന്ധിച്ച് കൊവിഡ്കാല തകര്‍ച്ചയ്ക്ക് ശേഷം ഒരു ചിത്രം ആദ്യമായായിരുന്നു ഈ നേട്ടം സ്വന്തമാക്കുന്നത്. പഠാന് പിന്നാലെയെത്തിയ കിംഗ് ഖാന് ചിത്രം ജവാനും ആ നേട്ടം നേടിയാല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ കിരീടം വയ്ക്കാത്ത രാജാവാകും ഷാരൂഖ്.
അറ്റ്ലി സംവിധാനം ചെയ്ത ജവാന് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമാണ് ജവാന്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. വിക്രം റാത്തോഡ് എന്ന അച്ഛനായും, ആസാദ് എന്ന മകനായുമാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നത്.