കൊച്ചി; വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയില്‍ ഷീ ലോഡ്ജ് ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.കോര്‍പറേഷന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്തിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം നവീകരിച്ചാണ് ഷീ ലോഡ്ജാക്കുന്നത്. 4.80 കോടി രൂപ ചെലവിലാണ് നവീകരണം. സ്ത്രീകള്‍ക്കൊപ്പമെത്തുന്ന 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും താമസിക്കാം. ഭക്ഷണവും മറ്റ് സൗകര്യങ്ങളും കുടുംബശ്രീ ഒരുക്കും. ഷീ ലോഡ്ജിന് 88 മുറികളുണ്ടാകും. ഇതില്‍ 60 ശതമാനം ഹോസ്റ്റലിനായി മാറ്റിവയ്ക്കും. ബാക്കി ദിവസ ആവശ്യക്കാര്‍ക്ക് നല്‍കും. ഹോസ്റ്റലില്‍ മാസാടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുക. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിരക്കിളവും പരിഗണനയിലുണ്ട്.ലോഡ്ജ് നവീകരണത്തിന്റെ അവസാന അവലോകനം വെള്ളിയാഴ്ച നടന്നു. നടത്തിപ്പ് ആരെ ഏല്‍പ്പിക്കണം, ഫീസ് എത്ര ഈടാക്കണം എന്നതുള്‍പ്പെടെ ധനകാര്യകമ്മിറ്റിയും കൗണ്‍സിലും തീരുമാനിക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാല്‍, കൊച്ചി കോര്‍പറേഷനില്‍ അധികാരത്തിലിരുന്ന യുഡിഎഫ് ഇത് നടപ്പാക്കിയില്ല. കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയശേഷമാണ് ഷീ ലോഡ്ജ് യാഥാര്‍ഥ്യമാക്കിയത്.