ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന് രോഹിത് ശര്‍മയുടെയ ഫിറ്റ്നെസിനെ വിമര്‍ശിച്ച് എക്സിലിട്ട പോസ്റ്റ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിന്‍വലിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മൊഹമ്മദ്. രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ വിമര്‍ശനം.
ഷമ മൊഹമ്മദിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്കും കാരണമായിരുന്നു. രാജ്യത്തെ മുഴുവന്‍ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെയും തിരിഞ്ഞിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. രോഹത്തിനെ ബോഡി ഷെയ്മിംഗ് ചെയ്ത കോണ്‍ഗ്രസ് സ്നേഹത്തിന്റെ കട തുറക്കുന്നവര്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെറുപ്പും അപമാനവും പടര്‍ത്തുന്നവരാണ് കോണ്‍ഗ്രസെന്നും പൂനവാല പറഞ്ഞു.