മലയാള സിനിമയിൽ തന്നെ ഏറ്റവും ഹൈപ്പോടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ട വാലിബന്‍. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് മാത്രമാണ് ലഭിച്ചത്. പിന്നാലെ ചിത്രം സാമ്പത്തികമായ നഷ്ടമാണോ ഇല്ലേ എന്ന ചോദ്യങ്ങളും ഉയർന്നു. എന്നാൽ ചിത്രം സാമ്പത്തിക നഷ്ടമായിരുന്നില്ല എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് ഷിബു ബേബി ജോൺ.
‘വാലിബൻ സാമ്പത്തികമായി നഷ്ടം വന്നില്ല. മറ്റു റവന്യു ഉള്ളത് കൊണ്ട് നഷ്ടം വന്നില്ല. ഒടിടിയും സാറ്റലൈറ്റും മ്യൂസിക്കും ഏല്ലാം വലിയ തുകയ്ക്കാണ് വിറ്റുപോയത്,’ എന്ന് ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു രണ്ടാം ഭാഗത്തിന്റെ സൂചനകളോടെയാണ് സിനിമ അവസാനിക്കുന്നതെങ്കിലും മലൈക്കോട്ട വാലിബന്‍ 2 ഉണ്ടാകില്ലെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. ‘നിലവിൽ രണ്ടാം ഭാഗത്തെക്കുറിച്ച് യാതൊരു വിധ ആലോചനകളുമില്ല. ഞാൻ അതിൽ നിന്ന് പൂർണ്ണമായി മാറി. രണ്ടാം ഭാഗം ഇപ്പോൾ ആലോചനകളില്ല എന്ന് തറപ്പിച്ച് പറയാം,’ എന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമാസമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ താൻ അതിന്റെ ഭാഗമല്ല എന്നാണ് ഷിബു ബേബി ജോണിന്റെ മറുപടി. നമ്മൾ ഇതിന്റെ ഭാഗമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണ്. സിനിമ കൊള്ളാമെങ്കിൽ പ്രേക്ഷകർ അത് സ്വീകരിക്കും. അതിൽ അനാവശ്യ ചർച്ചകൾക്ക് പ്രസക്തിയില്ല. സിനിമാ മേഖല മാറിയിട്ടുണ്ട്. അത് തിരിച്ചറിയണം. ഞങ്ങളുടെ ദാവീദ് എന്ന സിനിമ ഇറങ്ങിയിട്ടുണ്ടല്ലോ. നല്ല സിനിമ എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ തിയേറ്ററിൽ ആളുകൾ കയറുന്നില്ല. അപൂർവ്വം സിനിമകൾക്ക് മാത്രമേ ആളുകൾ തിയേറ്ററിൽ വരുന്നുള്ളൂ എന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബന്‍ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.