മുംബൈ: ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് വേട്ട തുടരുമ്പോള്‍ വിചിത്രമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് മുൻ താരം ഹസന് റാസ.ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അധിക ആനുകൂല്യം കിട്ടുന്ന രീതിയിലുള്ള പ്രത്യേക പന്തുകള്‍ ഐസിസിയും ബിസിസിഐയും നല്‍കിയിട്ടുണ്ടെന്നും ഇതുകൊണ്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വേട്ട നടത്തുന്നതെന്നും ഹസന് റാസ പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിലെ ചര്‍ച്ചയില്‍ ആരോപിച്ചു. സീം-സ്വിംഗ് മൂവ്മെന്റ് കിട്ടാനായാണ് ഇന്ത്യക്ക് മാത്രം ബിസിസിഐയും ഐസിസിയും പ്രത്യേക പന്തുകള്‍ നല്‍കുന്നതെന്നും ഹസന് റാസ പറഞ്ഞു. 1996 മുതല്‍ 2005വരെയുള്ള കാലയളവില്‍ പാകിസ്ഥാന് കുപ്പായത്തില്‍ ഏഴ് ടെസ്റ്റും 16 ഏകദിനങ്ങളും കളിച്ച താരമാണ് റാസ.
ലോകകപ്പില്‍ മത്സരഫലങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കാന്‍ എന്തെങ്കിലും കള്ളക്കളി നടത്തുന്നുണ്ടോ എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ഹസന് റാസ വിചിത്രമായ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ മാത്രം എങ്ങനെയാണ് ഇത്രയും സ്വിംഗും സീമും ലഭിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് ഇന്ത്യക്കാര്‍ക്ക് നല്കുന്ന പന്ത് പരിശോധിക്കണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ഹസന് റാസ പറഞ്ഞു.