ദില്ലി : കർണാടക കോൺഗ്രസിലെ പ്രതിസന്ധികൾക്ക് തിരശീല വീഴുന്നു. സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകും. സത്യപ്രതിജ്ഞ നാളെയെന്ന് സൂചന. ഇതിനായി ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായുമാണ് വ്യക്തമാകുന്നത്.
ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. പാര്‍ട്ടി തീരുമാനത്തിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാര്‍. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് നിലപാടിലാണ് അദ്ദേഹം ഉറച്ച് നിൽക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിവകുമാറിനെ അനുനയിപ്പിക്കാൻ സോണിയയും രാഹുലും ചര്‍ച്ച നടത്തും. അതേ സമയം സിദ്ധരാമയയ്യുടെ ബെംഗളുരുവിലെ വീടിന് മുന്നിൽ അനുകൂലികള്‍ അഹ്ലാദ പ്രകടനം തുടങ്ങി. സിദ്ധയുടെ വീടിന് പൊലീസ് സംരക്ഷണം കൂട്ടി.
സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡികെ എതിർക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്. സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്.
അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും ഡി കെ താനുമായി ചർച്ച നടത്തുന്ന ഹൈക്കമാൻഡ് വ്യത്തങ്ങൾക്ക് മുന്നിൽ തുറന്നടിക്കുന്നു.
ഒറ്റ ഉപമുഖ്യമന്ത്രി പദം മാത്രം, കൂടുതൽ വകുപ്പുകൾ, നിർദ്ദേശിക്കുന്ന മൂന്ന് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം എന്നിങ്ങനെയാണ് മുന്നോട്ട് വച്ച ഓഫറുകൾ. രണ്ടാം ഘട്ടത്തിൽ ഡികെ മുഖ്യമന്ത്രിയാകുന്നതോടെ കൂടൂതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നതാണ് തീരുമാനം.
എന്നാൽ തന്റെ അതൃപ്തി നേതാക്കൾക്ക് മുന്നിൽ തുറന്നടിക്കുകയാണ് ഡികെ. ഇതോടെ എത്രയും പെട്ടന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേ ആകു എന്ന ഘട്ടത്തിൽ ഡികെയെ അനുനയിപ്പിച്ച് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുക എന്ന ഉത്തരവാദിത്തം സോണിയാ ഗാന്ധിയിലേക്ക് എത്തിയിരിക്കുകയാണ്. സോണിയാഗാന്ധിയുമായുള്ള ചർച്ചയിൽ സമവായമാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതോടെ കർണാടകയിലെ നാടകീയ രംഗങ്ങൾക്ക് തിരശീല വീഴുമെന്നാണ് സൂചന.