ദില്ലി: ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി. ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. സിദ്ദിഖ് തെളിവ് നശിപ്പിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയില്‍ വാദിച്ചത്. സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലത്തിന് എതിർ സത്യവാങ്മൂലം നല്കാൻ സമയം വേണമെന്ന് സിദ്ദിഖ് കോടതിയോടോ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.
അതേസമയം, എട്ട് കൊല്ലം കാലതാമസം എങ്ങനെ വന്നുവെന്ന് കോടതി വീണ്ടും ആരാഞ്ഞു. സിദ്ദിഖിനായി മുതിർന്ന അഭിഭാഷകർ വി ഗിരിയാണ് ഹാജരായത്. സൂപ്പർസ്റ്റാറിനെതിരെ പോകാൻ പലരും മടിക്കുമെന്നും പരാതി നല്‍കുന്നതിന് മുമ്പ് തന്നെ ഫേസ്ബുക്കില്‍ വിഷയം ഉയർത്തിയിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. എട്ട് കൊല്ലത്തിന് ശേഷമല്ലേ കേസെന്നായിരുന്നു കോടതിയുടെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ ഇന്നലെ സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ള തെളിവുകളും ഫോണ്‍ നമ്ബർ വിവരങ്ങളും കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ സത്യവാങ്മൂലം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ല. ഐപാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടരുകയാണ്. ഇത് സംബന്ധിച്ച് താൻ പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നു. ഇത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും ആരോപിക്കുന്നു. സിദ്ദിഖ് നല്കിയ പരാതിയില്‍ പൊലീസ് നല്കിയ രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തില്‍ ചേർത്തിട്ടുണ്ട്.