‘പറയാനുള്ളത് പറഞ്ഞല്ലോ എന്നൊരു ആശ്വാസമുണ്ട് ഇപ്പോൾ; എന്റെ സഹോദരങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്’;  ഗായിക പുഷ്പവതി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് പുഷ്പവതി. സർക്കാർ സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോൺക്ലേവിന്റെ സമാപന ദിവസത്തിലാണ് ഈ പേര് ഉയർന്നുകേട്ടത്. എന്നാൽ അതിനു മുമ്പും ഈ പേര് ഉയർന്ന് വന്നിട്ടുണ്ട്. ഈ ശബ്ദം നമ്മൾ ആസ്വദിച്ചിട്ടുണ്ട്. കോൺക്ലേവിന്റെ സമാപന വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമുയർത്തിയിരുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നും സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ നടത്തിയ വിവാദ പരാമർശം. അതിനു എതിരെ ഗായികയും സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്‌പാടത്ത് പ്രതിഷേധം അറിയിച്ചിരുന്നു. 

Advertisements

അന്ന് അടൂർ ഗോപാലകൃഷ്ണനും, ശ്രീകുമാരൻ തമ്പിയും ഉൾപ്പെടെ പുഷ്പവതി ആരാണെന്നും അവരെ അറിയില്ലെന്നും പറയുകയുണ്ടായി. കേവലമൊരു ചോദ്യം കൊണ്ട് താഴ്ത്താൻ സാധിക്കുന്നതല്ല പുഷ്പവതിയുടെ സംഗീത ചരിത്രത്തിലെ സ്ഥാനം. രാഷ്ട്രീയവും പ്രതിരോധവും നിറഞ്ഞ സംഗീതത്തിലൂടെയാണ് സാംസ്‌കാരിക രംഗത്ത് സ്വന്തമായൊരു ഇടം പുഷ്പവതി അടയാളപ്പെടുത്തുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ പഠനം കഴിഞ്ഞ് പ്രീഡിഗ്രി കേരള വർമ്മ കോളേജിൽ പൂർത്തിയാക്കി. ശേഷം പാലക്കാട് ചെബൈ കോളേജിൽ 7 വർഷം ഗാനപ്രവീണ പഠിച്ചു. ഒന്നാം റാങ്കോടെ പാസ്സായി. 2001ലാണ് പുഷ്പവതി സിനിമാസംഗീത രംഗത്ത് ചുവടുവച്ചത്. ‘ നമ്മൾ’ സിനിമയിലെ ‘കാത്തു കാത്തൊരു മഴയത്ത്’ എന്ന ഗാനമാണ് സിനിമ രംഗത്തെ ആദ്യ ഗാനം. ‘സാൾട്ട് ആൻഡ് പെപ്പറിലെ’ ‘ചെമ്പാവിൻ പുന്നെല്ലിൻ ചോറോ’, ‘സുലൈഖ മൻസിലി’ലെ ‘പാതി ചിരി ചന്ദ്രികയെ’ തുടങ്ങിയ ജനപ്രീതി നേടിയ പാട്ടുകളെല്ലാം പുഷ്പവതിയുടേതാണ്. എന്നിട്ടും പുഷ്പവതിയെ പലർക്കും അറിയില്ല. എന്നാൽ അതിനുപിന്നിലും ഒരു രാഷ്ട്രീയമുണ്ടെന്ന് പുഷ്പവതി പറയുന്നു. 

ദളിത് ശരീരങ്ങൾ നാടൻ പാട്ടുകൾ മാത്രമേ പാടാൻ പാടുള്ളു എന്നൊരു ചിന്താഗതി ഇന്നും നിലനിൽക്കുന്നു. സംഗീത രംഗത്ത് സ്വന്തമായി ഇടം കണ്ടെത്തിയിട്ടും അവസരങ്ങൾ ലഭിക്കാതെ പോയതിന് പിന്നിലും അത്തരമൊരു രാഷ്ട്രീയമുണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാത്തതു കൊണ്ടാവാം തന്നെ ആരും ശ്രദ്ധിക്കാതെ പോയത്. സിനിമയിൽ പാടിയിട്ടുള്ളതിനേക്കാൾ സ്വന്തമായി ചെയ്ത പാട്ടുകളാണ് അധികവും. സമൂഹത്തിന് ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിലാണ് താൻ പാട്ടെഴുതാറുള്ളതെന്നും പുഷ്പവതി പറയുന്നു. 

‘ചില സാമൂഹ്യ പ്രശ്നങ്ങളെ പാട്ടുകൊണ്ട് അഡ്രസ് ചെയ്യാറുണ്ട്. ഇതൊന്നും മറ്റാർക്കും വേണ്ടി ചെയ്യുന്നതല്ല. സ്വന്തം ചെലവിലാണ് ഇത്തരം പാട്ടുകൾ ഇറക്കുന്നത്.’ ‘ചെറുപ്പത്തിലെ നന്നേ കഷ്ടപ്പെട്ടാണ് താൻ വളർന്നത്. അന്ന് അച്ഛൻ മടിയിലിരുത്തി ‘ചന്ദ്രികലയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന് പാടിത്തരുന്നത് ഇന്നും ഗായികയുടെ മനസ്സിൽ തങ്ങി നിൽക്കുന്നു. അങ്ങനെ പാട്ടു കേട്ട് അതിൽ സന്തോഷം കിട്ടിത്തുടങ്ങി. തന്റെ മനസ്സിനെ സംത്രിപ്തിപെടുത്തുന്ന എന്തോ ഒന്ന് സംഗീതത്തിൽ ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. അന്ന് മുതലാണ് പാട്ടുകളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. അച്ഛനായിരുന്നു തന്റെ റേഡിയോ എന്നും പുഷ്പവതി പറയുന്നു.

‘സംഗീതം കൊണ്ട് മനുഷ്യരുടെ മനസ്സിനെ പരിവർത്തനം ചെയ്യാൻ സാധിക്കും. അതിൽ സംഗീതത്തിന് വലിയ പങ്കുണ്ട്. സംഗീതത്തതിന് സാഹിത്യത്തിൻറെ പോലും ആവശ്യമില്ല. അതുകൊണ്ടാണ് ഇൻസ്ട്രുമെന്റൽ മ്യൂസിക്കുകൾ കേൾക്കുമ്പോൾ നമുക്ക് അതിൽ അലിഞ്ഞുചേരാൻ സാധിക്കുന്നത്. അപ്പോൾ മനസ്സിന് സ്വസ്ഥത ലഭിക്കും. പലതരത്തിലാണ് പാട്ടുള്ളത്. സംഗീത കോളേജിൽ ചേരുന്നതിനു ശേഷമാണ് ശരിക്കും പറഞ്ഞാൽ പാട്ടുകൾ താൻ ശ്രദ്ധയോടെ കേൾക്കാൻ തുടങ്ങിയതെന്നും പുഷ്പവതി പറയുന്നു. 

ചെറുപ്പത്തിൽ അച്ഛൻ പാടിത്തരുന്നത് ഒഴിച്ചാൽ മറ്റു പാട്ടുകൾ കേട്ടിട്ടില്ല. അതിനുള്ള സാഹചര്യങ്ങളോ അന്ന് ഉണ്ടായിരുന്നില്ല. ഒരു റേഡിയോ പോലും വീട്ടിൽ ഉണ്ടായിരുന്നില്ല. അച്ഛനായിരുന്നു തന്റെ റേഡിയോ. വീടിനടുത്ത് ഒരു തിയറ്റർ ഉണ്ട്. അന്ന് കോളാമ്പിക്കാലമായിരുന്നു. വൈകുന്നേരങ്ങളിൽ അവിടെ വയ്ക്കുന്ന റെക്കോർഡുകൾ കോളാമ്പി വഴി കേൾക്കുമായിരുന്നു. ചെവി വട്ടംപിടിച്ചാണ് താൻ പാട്ടുകേട്ടിരുന്നതെന്നും ഗായിക പറയുന്നു.

വളരെ വേഗതയിൽ സഞ്ചരിക്കുന്ന ഒന്നാണ് നമ്മുടെ മനസ്സ്. അതുപോലെയാണ് സംഗീതവും. ഒരു തലത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ സംഗീതത്തിന് സാധിക്കും. ആദ്യ നാളുകളിൽ ഗസലിനോടായിരുന്നു താല്പര്യം. പിന്നീട് ഇൻസ്ട്രുമെന്റൽ മ്യൂസിക്കുകൾ കേൾക്കാൻ തുടങ്ങി. സംഗീതത്തിന് മനസ്സിനെ ശാന്തമാക്കാൻ സാധിക്കും. സമൂഹത്തെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വരുന്ന ഒരു ഉപാധിയാണ് സംഗീതം. 

മനുഷ്യർക്ക് അടിസ്ഥാനമായി വേണ്ടത് സമാധാനമാണ്. അത് നൽകാൻ സംഗീതത്തിന് സാധിക്കും. ചിലർ മൂളി പാട്ടുകൾ പാടാറുണ്ട്. എന്നാൽ മറ്റുചിലർക്ക് പാട്ട് കേട്ടിരിക്കാനാവും താല്പര്യം. കേൾക്കുന്ന പാട്ടുകളുടെ താളവും സ്വരവും മനസിലാക്കി ഒരാൾ എത്രത്തോളം സന്തോഷവാനാണെന്നും, ഉള്ളിൽ എത്രത്തോളം സങ്കടമുണ്ടെന്നും തിരിച്ചറിയാൻ സാധിക്കും. അത്രയും മനോഹരമാണ് സംഗീതമെന്നും പുഷ്പവതി പറയുന്നു.

അതേസമയം, വിവാദത്തെ കുറിച്ച് പുഷ്പവതിക്ക് പറയാനുള്ളത് ഇതാണ്, ‘പറയാനുള്ളത് പറഞ്ഞല്ലോ എന്നൊരു ആശ്വാസം ഉണ്ട് ഇപ്പോൾ. വ്യക്തിപരമായി ആരെയും ഉദ്ദേശിച്ചല്ല പറഞ്ഞത്. വ്യക്തിപരമായ വിഷമയല്ല ഇത്. രാഷ്ട്രീയത്തെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. എന്റെ സഹോദരങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്. ആരും വലുതല്ല. വലുതാണെന്ന് കരുതി ആരെയും അടിച്ചമർത്താനുള്ള അവകാശം ആർക്കുമില്ല. സമൂഹത്തിൽ എല്ലാവരെയും നന്നാക്കാൻ പറ്റില്ല. എന്നാൽ പ്രതികരിക്കാൻ സാധിക്കും. പൊരുത്തക്കേടുകൾ കണ്ടാൽ പറയണം, പ്രതികരിക്കണം. അപ്പോഴാണ് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കുന്നത്. അതിലൂടെ തെറ്റും ശരിയും തിരിച്ചറിയാൻ ആളുകൾക്ക് സാധിക്കും. വിവാദത്തിൽ നിരവധിപേർ പുഷ്പവതിക്ക് പിന്തുണ അറിയിച്ച് മുന്നോട്ടെത്തിയിരുന്നു.

Hot Topics

Related Articles