തിരുവനന്തപുരം: ഗവർണർ പദവിയിലിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരത്ത് ഇഎംഎസ് അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗവര്‍ണര്‍ സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് മുതിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപിയുടേത് ഭരണഘടനാ വിരുദ്ധ നടപടിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നടന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ് ബിജെപി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരില്‍ ഇപ്പോള്‍ തന്നെ പല തരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.
ബിജെപിയുടെ നടപടിയെ പൂർണ്ണമായും അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് പറഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിർക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് മുൻനിർത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് ബിജെപി. കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ നേരിടാൻ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സർക്കാർ ഇറക്കുന്ന പണവുമാണ്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ വിഭാഗമായി ഇഡിയെ മാറ്റി. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേട്ടമുണ്ടാക്കിയത് വർഗീയ ചീട്ട് ഇറക്കിയാണെന്നും യെച്ചൂരി വിമര്‍ശിച്ചു.