തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തില്‍ പങ്കുള്ള അക്രമികള്‍ക്ക് എതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എഫ്ഐ എന്നല്ല കുറ്റവാളികള്‍ ഏത് സംഘടനകളില്‍ ആണെങ്കിലും നടപടിയുണ്ടാകും. ഇത്തരം അക്രമങ്ങള്‍ ഒരു സംഘടനയും നടത്താൻ പാടില്ല. സർക്കാർ നടപടിയില്‍ സിദ്ധാർത്ഥൻ്റെ പിതാവ് തൃപ്തനെന്ന് അറിയിച്ചതായും എല്ലാ കാര്യങ്ങളിലും കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേസില്‍ രണ്ടുപ്രതികള്‍ കൂടി ശനിയാഴ്ച പിടിയിലായി. സിദ്ധാർഥനെ ക്രൂരമായി മർദിച്ചവരില്‍ പ്രധാനിയായ സിൻജോ ജോണ്സണ്, കാശിനാഥൻ എന്നിവരാണ് പിടിയിലായത്.
പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടവരാണ് ഇരുവരും. സിൻജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥൻ പോലീസില്‍ കീഴടങ്ങുകയായിരുന്നു. സിദ്ധാർഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മർദിച്ചതിലും പ്രധാനിയായിരുന്നു സിൻജോ ജോണ്സണ്. സിൻജോയാണ് സിദ്ധാർഥനെ ഏറ്റവും കൂടുതല്‍ മർദിച്ചതെന്ന് സിദ്ധാർഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല പോകുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ ഭീഷണിപ്പെടുത്തിയതും സിൻജോയായിരുന്നു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേർ കൂടി പിടിയിലാകാനുണ്ട്.