നടൻ എസ്പി ശ്രീകുമാറിനെതിരായി അടുത്തിടെ ഒരു നടി കൊടുത്ത പരാതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ പ്രതികരിച്ചിരുന്നു. ശ്രീകുമാറിന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നായിരുന്നു അഭിമുഖത്തിൽ സ്നേഹ പറഞ്ഞത്. ഇക്കാര്യത്തിൽ വീണ്ടുമൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്നേഹ മനസു തുറന്നത്.
”കഴിഞ്ഞ ദിവസം അഭിമുഖം നൽകിയപ്പോൾ നിങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, വൈകിപ്പോയി എന്ന് പലരും പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ഈ കേസ് അത്ര എളുപ്പമല്ല. നിവിൻ പോളി പ്രതികരിച്ചത് പോലെ എന്തുകൊണ്ട് ശ്രീ ആദ്യം തന്നെ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിച്ചു. ഓരോ കേസിനും ഓരോന്നിന്റേതായ രീതികളുണ്ട്. എല്ലാ കേസുകളും ഒരുപോലെ ആവണമെന്നില്ല. എല്ലാ കേസുകളിലും വന്നിട്ടുള്ള വകുപ്പുകൾ ഒന്നാകണമെന്നില്ല. ചിലർക്ക് അപ്പോൾ തന്നെ അത് പറയാൻ പറ്റുമായിരിക്കും. ചിലർക്ക് ഒരാഴ്ച കഴിഞ്ഞായിരിക്കും പ്രതികരിക്കാൻ സാധിക്കുക. ചിലർക്ക് മാസങ്ങളെടുക്കും. ചിലർക്ക് പ്രതികരിക്കാനേ സാധിക്കില്ല”, എന്ന് സ്നേഹ ശ്രീകുമാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാർത്തകളിലൂടെ തന്നെയാണ് തങ്ങളും ഈ കേസിനെപ്പറ്റി ആദ്യം അറിഞ്ഞതെന്നും സ്നേഹ പറഞ്ഞു. ”എനിക്ക് ഇതേക്കുറിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത സുഹൃത്തായ ആൾ തന്നെയാണ് അഡ്വക്കേറ്റ്. അവർ കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി. ഈ കേസിന്റെ സ്വഭാവം കാരണം പലതും തുറന്ന് പറയാൻ പറ്റില്ല”, എന്നും സ്നേഹ കൂട്ടിച്ചേർത്തു.
ഭർത്താവ് ചെയ്യുന്ന എന്തും ന്യായീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമർശനങ്ങളോടും സ്നേഹ പ്രതികരിച്ചു. ”ഭർത്താവ് എന്ത് തോന്നിവാസവും കാണിച്ചാലും കൂടെ നിൽക്കുന്ന തരത്തിലുള്ള ആളല്ല ഞാൻ. തെറ്റ് ചെയ്ത ഒരാളെ ന്യായീകരിച്ച് അദ്ദേഹത്തിന്റെ കൂടെ താമസിക്കാനുള്ള മാനസിക നിലയല്ല എന്റേത്. ഇതേക്കുറിച്ച് വ്യക്തമായി അറിയാവുന്നതു കൊണ്ടു തന്നെയാണ് ഈ രീതിയിൽ പ്രതികരിക്കുന്നത്”, എന്നും സ്നേഹ വ്യക്തമാക്കി.