മൂന്നാർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവാവ് കടുത്ത മൂടൽമഞ്ഞിൽ ആനയുടെ ദേഹത്ത് വന്നുമുട്ടി. കോപാകുലനായ കാട്ടാന യുവാവിനെ അടുത്തുളള തേയിലത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. അപകടത്തിൽ യുവാവിന്റെ വലതുകാല്‍ ഒടിഞ്ഞു. മൂന്നാറിൽ ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ഓട്ടോയിൽ എസ്റ്റേറ്റിൽ വന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് സുമിത് കുമാർ (18) ആനയുടെ മുന്നിൽ പെട്ടത്.
തേയിലത്തോട്ടത്തിൽ വീണ യുവാവിനെ വീണ്ടും പിടികൂടാൻ തുമ്പിക്കൈ ഉപയോഗിച്ച് പരതിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ ഓടിയെത്തി ബഹളം വച്ചതോടെ ആന തിരികെ കാട്ടിലേക്ക് മടങ്ങി. മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുമിത്. സ്ഥലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ അറിയിച്ചു. വനംവകുപ്പ് ശരിയായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.