ശോഭന..
ഹാ, എന്തു സുന്ദരമായ സങ്കല്പമാണാ രൂപം..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടന്നു തീര്‍ത്ത വഴികളിലും,കണ്ടുമറക്കാത്ത രൂപങ്ങളിലും സൗന്ദര്യവും പ്രണയവും ഇത്രമേല്‍ മുഗ്ദ്ധമായി സമഞ്ജസിക്കുന്ന രൂപം ഞാന്‍ കണ്ടിട്ടില്ല..ഒരേസമയം ആളിക്കത്തുന്ന തീയും,നെഞ്ഞില്‍ പെയ്യുന്ന മഞ്ഞുവീഴ്ച്ചയും,മഴ തോര്‍ന്നതിനുശേഷം പെയ്യുന്ന മരപ്പെയ്ത്തും ശോഭനയില്‍ നിറഞ്ഞിരുന്നു.വെള്ളാനകളുടെ നാട്ടില്‍ വലിയൊരാ വട്ടപ്പൊട്ടിടുമ്പോഴും,കാണാമറയത്ത് മുട്ടോളമെത്തുന്ന ഫ്രോക്കണിയുമ്പോഴും,മണിച്ചിത്രത്താഴില്‍ കൈമുട്ടോളമെത്തുന്ന കൈയുള്ള ബ്ലൗസണിയുമ്പോഴും,മിന്നാരത്തില്‍ മുഖത്തേക്കൂര്‍ന്നു കിടക്കുന്ന ആ രണ്ടോ മൂന്നോ കുറുനിര മുഖമഴകിന് കിന്നരി ചാര്‍ത്തുമ്പോഴും,ഇന്നലെയില്‍ മഞ്ഞു നനഞ്ഞൊരു ബ്ലാങ്കറ്റില്‍ ദേഹം മൂടുമ്പോഴും,പിന്നെ തേന്മാവിന്‍ കൊമ്പത്തില്‍ നിറച്ചാര്‍ത്തില്‍ മുങ്ങിയുണരുന്ന ഒരേയൊരു കാര്‍ത്തുമ്പിയാകുമ്പോഴും ശോഭന ഹൃദയത്തിലൊരു പ്രണയത്തിന്റെ ഇടിമിന്നല്‍ സൃഷ്ടിച്ചു.ആ മിഴിയിളക്കലിലെ അനന്തമായ കടലാഴങ്ങളില്‍ എന്റെ പ്രണയസന്ധ്യകള്‍ മുങ്ങിമരിച്ചു.ഞാനൊരു ചിറകറ്റ മിന്നാമിനുങ്ങായി.
ഓര്‍ത്തുനോക്കുമ്പോള്‍ എത്രയെത്ര പ്രണയകല്പനകളാണ് ശോഭനമായ ആ രൂപത്തില്‍ ഗാനരചയിതാക്കള്‍ ചേര്‍ത്തു വെച്ചത്.
അവരുടെ അധരങ്ങള്‍ അമൃതജലശേഖരങ്ങളായും,നയനങ്ങള്‍ മദനശിശിരാമൃതങ്ങളായും വാഴ്ത്തപ്പെട്ടു..
പാതിമയക്കത്തില്‍ അവളുടെ ചുണ്ടില്‍ കൊത്തപ്പെട്ട ചുംബനങ്ങളില്‍ പ്രണയവിഷാദത്തിന്റെ കണ്മഷി കലങ്ങി..
മൂകമായ ആരുടെയൊക്കെയോ മനസ്സുകളില്‍ ഗാനമായവളുണര്‍ന്നു..
നിലാവിന്റെ പൊന്‍കതിരാല്‍ നെയ്‌തെടുത്ത അവളുടെ ലാവണ്യത്തെപ്പറ്റിയും,കിനാവിന്റെ പൂമ്പരാഗം ചൂടി നിന്ന അവളുടെ താരുണ്യത്തെപ്പറ്റിയും കവി മതി വരാതെ പാടി..
ലയലാസ്യകലാകാന്തി അവളുടെ രൂപമേന്തി മാരന്റെ കോവില്‍ തേടി മായാമയൂരമാടി..
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കിയും,തേടുന്നതെല്ലാം രത്‌നങ്ങളാക്കിയും ഒരു കിളിക്കുഞ്ഞു പോലെ അവള്‍ നമ്മുടെ ഓര്‍മ്മപ്പൂവിലൊരു പീലിയുഴിഞ്ഞു..
വെള്ളിമുകില്‍പ്പൂവണിഞ്ഞ അഞ്ജനത്താഴ്വരകളില്‍ അവളുടെ രൂപം നമ്മുടെ പ്രണയസങ്കല്പങ്ങളിലെ ഏറ്റവും തിളക്കമാര്‍ന്ന മധുചന്ദ്രബിംബമായി..
അവള്‍ ചിരിക്കുമ്പോള്‍ കാവേരിക്കുളിരോളം മെയ്യാകെപ്പെയ്തു നിറഞ്ഞു..
പടിവാതിലോളം ചെന്നകലത്തു മിഴി നട്ടുനില്‍ക്കുന്ന ഒരൊറ്റമരത്തില്‍ വിഷാദം പൂത്തു നിന്നു..
താടയില്‍കൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടിപൂമണിക്കാളയായ് അവള്‍ പായുമ്പോള്‍ പ്രണയമൊരു പൂങ്കാറ്റായി സിരകളെ മദിപ്പിച്ചു..
കുപ്പിവളക്കയ്യാല്‍ അവള്‍ കുറുനിര മാടുന്നേരം എത്രയോ ഹൃദയങ്ങളാ നിമിഷം സ്പന്ദിക്കാന്‍ മറന്നുപോയി..
അവള്‍ നമ്മുടെ എന്നത്തേയും ആനന്ദനീലാംബരിയായി;അണയാത്ത ദീപാഞ്ജലിയും..
ശോഭനയുടെ കത്തുന്ന യൗവ്വനത്തെ,ആ സ്വര്‍ഗീയമായ സൗന്ദര്യത്തെ എങ്ങനെയൊക്കെ വിശേഷിപ്പിച്ചെഴുതിയിട്ടും അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ ഒരു പാട്ടിനുമായിട്ടില്ലെന്നു തോന്നുന്നു.
പ്രണയത്തിലാകുമ്പോള്‍ ഹൃദയം കാറ്റിലാടുന്ന ആലില പോലെ വിറയ്ക്കുമെന്ന് പ്രണയമെന്തെന്നറിയുന്നതിനും മുന്‍പെ തോന്നിപ്പിച്ചത് നാടോടിക്കാറ്റിലെ രാധയാണ്.ആ ‘പിന്നില്ലാതെ’ യ്‌ക്കൊപ്പം ശോഭനയുടെ നീണ്ട കണ്‍കോണുകളില്‍ ഒരു നെയ്ത്തിരി വിളക്കു പോലെ പ്രണയമിങ്ങനെ തെളിഞ്ഞു കത്തുന്നതു കാണാം.ഇപ്പോഴും ആ രംഗമെത്തുമ്പോള്‍ നെഞ്ഞില്‍ എന്തോ കിനിഞ്ഞിറങ്ങുന്നതു പോലെയാണ്.അന്നു തൊട്ടേ,കത്തുന്ന സൗന്ദര്യസങ്കല്പമായിരുന്നു,അതിന്റെ പൂര്‍ണ്ണതയായിരുന്നു അവരെനിക്ക്.
ജന്മദിനാശംസകള്‍ ശോഭന..
മുമ്പെന്നോ എഴുതിയതൊരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ..
നെറ്റിയില്‍ ഒരു വലിയ പൊട്ടുണ്ട്..
കാതില്‍ വലിയൊരു ലോലാക്കുണ്ട്..
കാലില്‍ കിലുകിലുന്നനെ കിലുങ്ങുന്ന പാദസരമുണ്ട്..
അഴിച്ചിട്ട മുടിയില്‍ കാര്‍മേഘം കൂടു കൂട്ടിയിട്ടുണ്ട്..
ചേലകളില്‍ സപ്തവര്‍ണ്ണങ്ങള്‍ മിന്നിത്തിളങ്ങുന്നുണ്ട്..
വാലിട്ടെഴുതിയ കണ്ണുകളില്‍ പ്രണയം ഊയലാടുന്നുണ്ട്..
കൈകളില്‍ മുദ്രകള്‍ വിടരുന്നുണ്ട്;നീണ്ട വിരല്‍തുമ്പുകളില്‍ പൂക്കളും..
കാര്‍ത്തുമ്പി..
ഫ്രെയിമുകളില്‍ മായാജാലം തീര്‍ക്കപ്പെട്ട തേന്മാവിന്‍കൊമ്പത്തിലെ ഏറ്റവും സുന്ദരമായ ഇന്ദ്രജാലം കാര്‍ത്തുമ്പിയായിരുന്നു;ശോഭനയായിരുന്നു.
കാര്‍ത്തുമ്പിയേക്കാള്‍ സുന്ദരിയായ ഒരു കഥാപാത്രമിനിയുണ്ടാവുമോ!
എന്ന്,കറുത്ത പെണ്ണേ പാട്ടിനുമുമ്പുള്ള രംഗത്ത് മാണിക്യനെ കാണുന്ന സമയത്തെ കാര്‍ത്തുമ്പിയുടെ മുഖം എപ്പോള്‍ കണ്ടാലും ഹൃദയമിടിപ്പൊരുമാത്ര നിലച്ചു പോകുന്ന ഒരു അള്‍ട്ടിമേറ്റ് കാര്‍ത്തുമ്പി ഫാന്‍ ബോയ്