തിരുവനന്തപുരം : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതത്തില്‍ അച്ഛനും അമ്മയും സഹോദരനും നഷ്ടമായ അവന്തിക എന്ന കുഞ്ഞിന് സഹായവുമായി തിരുവനന്തപുരം കളളിക്കാട് സ്വദേശിയായ സൈനികൻ ജിത്തു. എല്ലാ മാസവും കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 2000 രൂപ വീതം സഹായം നല്‍കുമെന്ന് ജിത്തു അറിയിച്ചു. കുഞ്ഞിന്റെ സ്കൂള്‍ തുറക്കുമ്പോള്‍ പുസ്തകങ്ങളടക്കം എല്ലാം വാങ്ങി നല്‍കും. അതിനൊപ്പം വിശേഷ ദിവസങ്ങളില്‍ പ്രത്യേക സഹായം നല്‍കുമെന്നും ജിത്തു അറിയിച്ചു.
അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ട് അനാഥയായിപ്പോയ അവന്തിക എന്ന മൂന്നാം ക്ലാസുകാരി ഓരോ മലയാളിക്കും എന്നും തീരാനോവാണ്. മുത്തശ്ശി ലക്ഷ്മിയുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടിയെ ആശുപത്രിയില്‍ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യും. എന്നാല്‍ പ്രിയപ്പെട്ടവർക്കൊപ്പം സ്വന്തം വീടും കുഞ്ഞിന് നഷ്ടമായി. താമസിക്കാൻ വീടില്ലാതെ കുഞ്ഞുമായി എങ്ങോട്ട് പോകുമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കള്‍. കളിയും ചിരിയും സന്തോഷവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അവന്തിക മോളുടെ ജീവിതം മാറിമറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അച്ഛനും അമ്മയും സഹോദരനും ജീവിച്ചിരിപ്പില്ലെന്ന വിവരം ഇനിയും അവന്തികയെ അറിയിച്ചിട്ടില്ല. അമ്മയെ അന്വേഷിച്ച കുട്ടിയോട് അടുത്തുളള മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് പറഞ്ഞിരിക്കുന്നത്. ഡോക്ടറാകണമെന്നാണ് അവന്തികയുടെ ആഗ്രഹം. സുമനസുകളുടെ സഹായമുണ്ടെങ്കില്‍ അവന്തികയ്ക്കും ജീവിക്കാം.