റിയാദ് : സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മറ്റ് രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വർഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍. അപകടവിവരമറിഞ്ഞ് ‘കനിവ്’ ജീവകാരുണ്യ കൂട്ടായ്മ പ്രവർത്തകരായ ബി. ഹരിലാല്‍, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി.