ഖത്തറിലെ ഹസൻ അൽ മഹാരിയിലെ അൽ തുമാമം സ്റ്റേഡിയത്തിലെ ഗോൾ വലകൾ സ്പാനിഷ് വസന്തത്തിൽ നിറഞ്ഞു കവിഞ്ഞു. 2022 ലോകകപ്പിലെ ഏറ്റവും വലിയ ഗോൾ വേട്ട നടത്തിയ സ്പെയിൻ കോസ്റ്റാറിക്കയെ തകർത്ത് തരിപ്പണമാക്കിയത് എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ്. ഫെർണ്ണാണ്ടോ ടോറസിന്റെ ഡബിൾ ഗോളുകളാണ് സ്പെയിനിന്റെ ഉജ്വല വിജയത്തിൽ നിറം ചാലിച്ചത്.
11 ആം മിനിറ്റിൽ ഡാനി ഓൽമോ തുടങ്ങിവച്ച ഗോൾ വേട്ട ഇൻജ്വറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ആൽവാരോ മൊറാട്ടോ പൂർത്തിയാക്കും വരെ അത്യന്തം ആക്രമണം മാത്രമായിരുന്നു സ്പെയിനിന്റെ തന്ത്രം. 31 ആം മിനിറ്റിലും, 54 ആം മിനിറ്റിലുമായിരുന്നു ഡബിൾ തികച്ച ടോറസിന്റെ കിടലം ഗോളുകൾ. 21 ആം മിനിറ്റിൽ മാർക്കോ അസെൻഷിയോ, 74 ആം മിനിറ്റിൽ ഗാവി, 90 ആം മിനിറ്റിൽ കാർലോസ് സോളർ എന്നിവരാണ് മറ്റു സ്കോറർമാർ.