എറണാകുളം: എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ കാപ്പാ സ്പെഷ്യൽ ഡ്രൈവിനിടെ മൂന്ന് പേരെ പിടികൂടി. കരുമാലൂർ മാഞ്ഞാലി മാവിൻചുവട് കൊച്ചു മണപ്പാടൻ വീട്ടിൽ രാകേഷ് (കുട്ടൻ മോൻ 36), കോട്ടുവള്ളി തത്തപ്പിള്ളി കാർത്തികേയൻ റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ അനൂപ് (25), വരാപ്പുഴ മുട്ടിനകം കല്ലുങ്കൽ വീട്ടിൽ ദീൻരാജ് (29) എന്നിവരെയാണ് പിടി കൂടിയത്. എറണാകുളം റേഞ്ച് ഡി. ഐ. ജി പുട്ട വിമലാദിത്യ ഐപിഎസ്സിൻ്റെ നിർദ്ദേശാനുസരണം കാപ്പാ നടപടി പ്രകാരം റൂറൽ ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട കുറ്റവാളികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്സിൻ്റെ നേതൃത്വത്തിൽ കാപ്പാ സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയായിരുന്നു.
ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, നരഹത്യ ശ്രമം, ന്യായ വിരോധമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തൽ, ആയുധ നിയമപ്രകാരമുള്ള കേസ്, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടയൽ, മയക്കുമരുന്ന് കച്ചവടമുൾപ്പെടെ നിരവധി കേസുകളുണ്ട്. തുടർച്ചയായി സമാധാന ലംഘന പ്രവർത്തനങ്ങൾ നടത്തിയും, ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും വന്നിരുന്നതിനാണ് ഇവരെ നാടുകടത്തിയിരുന്നത്. മുനമ്പം സബ് ഡിവിഷനിൽ നോർത്ത് പറവൂർ, വരാപ്പുഴ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിന്ന് രണ്ട് പേരെയും, ആലുവ സബ്ബ് ഡിവിഷനിൽ, ആലുവ വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെയുമാണ് പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.