കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കാസര്‍കോട് ജില്ലാ പൊലീസ് മേദാവി ഡി ശില്പ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുകയെന്നും എല്ലാ ഭാഗങ്ങളും പരിശോധിക്കുമെന്നും ഡി ശില്പ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പടക്കം പൊട്ടിച്ച സ്ഥലത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചത്.
പടക്കം പൊട്ടിക്കാനുള്ള സ്ഥലം ഇത്തുവണ മാറ്റിയതില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തും. ദൂരപരിധി ഉള്‍പ്പെടെ പാലിക്കാതെയാണ് പടക്കം പൊട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ഏഴു പേരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ്. പടക്കം പൊട്ടിക്കാൻ കരാറെടുത്ത രാജേഷ് എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറിയെയും പ്രസിഡന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെയുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കലവറയിലേക്ക് വീണ് ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കേറ്റ് വിവിധ ആശുപത്രികളിലുള്ള 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. അഞ്ചുപേരും വെറ്റിലേറ്ററിലാണ്. അപകട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തില്‍ പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.