തിരുവനന്തപുരം : സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാനൊരുങ്ങി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പകർപ്പ് സ്പെഷ്യല്‍ ടീം ആവശ്യപ്പെടും. അതേ സമയം പീഡനകേസ് അന്വേഷണത്തില്‍ ആരോപണ വിധേയരായവരും ടീമിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
മലയാള സിനിമാരംഗത്ത് ആഞ്ഞുവീശുന്ന കൊടുങ്കാറ്റിനിടെയാണ് സർക്കാർ ഒടുവില്‍ അന്വേഷണത്തിന് സ്പെഷ്യല്‍ ടീം രൂപീകരിച്ചത്. നാളെ ടീം യോഗം ചേർന്ന് അന്വേഷണത്തിലേക്ക് നീങ്ങും. ഇതുവരെ ആരോപണം ഉയർത്തിയ മുഴുവൻ പേരെയും സമീപിക്കും. ആരോപണത്തില്‍ ഉറച്ചുനിന്നാല്‍ മൊഴി പരിശോധിച്ച് കേസെടുത്ത് തുടർ നിയമ നടപടികളിലേക്ക് കടക്കാനാണ് നീക്കം. മൊഴിയെടുക്കുന്നത് ടീമിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും. ഓരോ ഉദ്യോഗസ്ഥക്ക് കീഴിലും വനിതാ പൊലീസ് അടങ്ങുന്ന ടീമുകള്‍ ഉണ്ടാക്കിയാകും മൊഴി രേഖപ്പെടുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള പരിശോധന, ടീം രൂപീകരിച്ചുള്ള വാർത്താകുറിപ്പില്‍ പറഞ്ഞിട്ടില്ല. പക്ഷെ റിപ്പോർട്ടിൻറെ പകർപ്പ് ടീം സർക്കാറിനോട് ആവശ്യപ്പെടും. കമ്മിറ്റിക്ക് മൊഴി നല്കിയവരെയും കാണാനാണ് ശ്രമം. അതേ സമയം ടീം രൂപീകരണത്തെ അടക്കം ചോദ്യം ചെയ്ത് സർക്കാറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം. പുതിയ ടീമിന് വീണ്ടും മൊഴി നല്കേണ്ടിവരുമ്പോള് ഇരകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉയർത്തി ഡബ്ള്യുസിസി ഇന്നലെ തന്നെ ആശങ്ക ഉയർത്തിയിരുന്നു. രഞ്ജിത്തിൻറെ രാജിക്ക് പിന്നാലെ ടീം ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള മെല്ലെപ്പോക്ക് അടക്കമുള്ള വിമർശനങ്ങളെ നേരിടുന്നത്.