മുംബൈ : വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ചും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെതിരെ ഒളിയമ്പെയ്തും മുന്‍ നായകന് സുനില്‍ ഗവാസ്കര്‍.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വലിയ സ്കോര്‍ നേടുന്നതില്‍ പൂജാര മാത്രമല്ല പരാജയപ്പെട്ടതെന്നും പ്രായം മാത്രം കണക്കിലെടുത്ത് പൂജാരയെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കരുതായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പൂജാരയെപ്പോലെ പരാജയപ്പെട്ട ചിലരെ നിലനിര്‍ത്തുകയും പൂജാരയെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡമെന്താണ്. ബാറ്റിംഗ് നിരയുടെ പരാജയത്തിന് പൂജാരയെ മാത്രമെന്തിനാണ് ബലിയാടാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിനായി നിശബ്ദനായി പോരാടുന്ന പോരാളിയാണ് പൂജാര. പക്ഷെ അയാളെ ഒഴിവാക്കിയാലും സമൂഹമാധ്യങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവര്‍മാരൊന്നും ഇല്ലാത്തതിനാല്‍ വലിയ ഒച്ചപ്പാടും ബഹളവുമൊന്നും ഉണ്ടാകില്ല. അതുകൊണ്ട് അയാളെ അനായാസം ഒഴിവാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതാണെനിക്ക് മനസിലാവാത്തത്. അയാളെ മാത്രം ഒഴിവാക്കുകയും പരാജയപ്പെട്ട മറ്റ് ചിലരെ നിലനിര്‍ത്തുകയും ചെയ്യുന്നതിന്റെ മാനദണ്ഡമെന്താണ്. ഇപ്പോള്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് വാര്‍ത്താസമ്മേളനമൊന്നും നടത്താത്തുകൊണ്ട് അത് അറിയാനും വഴിയില്ല. പ്രായം കണക്കിലെടുത്ത് മാത്രം പൂജാരയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കരുതായിരുന്നു. കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അയാള്‍ മാത്രമല്ലല്ലോ പരാജയപ്പെട്ടത്. ഇന്ത്യയുടെ ടോപ് ഫോര്‍ ചേര്‍ന്ന് ആദ്യ ഇന്നിംഗ്സില്‍ ആകെ നേടിയത് 71 റണ്‍സാണ്.
പൂജാര ആദ്യ ഇന്നിംഗ്സില്‍ 14ഉം രണ്ടാം ഇന്നിംഗ്സില്‍ 27ഉം റണ്‍സടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രഹാനെ മാത്രമാണ് 50 റണ്‍സില്‍ കൂടുതല്‍ നേടിയ ഏക ഇന്ത്യന്‍ ബാറ്റര്‍. ഇന്നത്തെക്കാലത്ത് കളിക്കാര്‍ക്ക് 39-40 വയസുവരെയൊക്കെ കളിക്കാനാകും. പിന്നെ എന്തിനാണ് 35കാരനായ പൂജാരയെ ഒഴിവാക്കിയത്. അതും രഹാനെ ഒഴികെയുള്ള ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ട മത്സരത്തില്‍. അതിനെക്കുറിച്ച് സെലക്ടര്‍മാര്‍ വിശദീകരിച്ചേ മതിയാകൂവെന്നും ഗവാസ്കര്‍ പറഞ്ഞു.