തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എല്‍.സിന്ധുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള പരാതിയില്‍ അറസ്റ്റിലായ വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വെള്ളനാട് ശ്രീകണ്ഠന് ജാമ്യം. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടി വൈസ് പ്രസിഡന്‍റിനെതിരെ ആര്യനാട് പൊലീസ്, വനിതാ കമ്മീഷൻ, തദ്ദേശ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടർ തുടങ്ങിയവർക്ക് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയിരുന്നു.
പഞ്ചായത്തിലെ ഫയലുകള്‍ തീർപ്പാക്കാനുള്ള കാര്യങ്ങളെ കുറിച്ച് ജീവനക്കാരുമായി സെക്രട്ടറി സംസാരിക്കുന്നതിനിടെ ക്യാബിനുളളില്‍ കടന്നുവന്ന വൈസ് പ്രസിഡന്‍റ് മോശമായ പദപ്രയോഗം നടത്തുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തശേഷം തന്നെ അടിയ്ക്കാൻ ശ്രമിച്ചെന്നാണ് സെക്രട്ടറിയുടെ പരാതി. വെള്ളനാട്ടിലെ പൊതുശ്മശാനത്തിന്‍റെ തകരാർ പരിഹരിക്കുന്നതിന് ഭരണസമിതി തീരുമാനം എടുക്കുന്നതിന് മുൻപ് രണ്ട് ലക്ഷം രൂപയുടെ ചെക്കുകള്‍ ഒപ്പിട്ട് നല്‍കാത്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്ന് സെക്രട്ടറി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സെക്രട്ടറി സ്വയം ജാതി പറഞ്ഞ് തന്നെ അടിയ്ക്കാനാണ് ശ്രമിച്ചതെന്നും മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് വെള്ളനാട് ശ്രീകണ്ഠൻ പറയുന്നത്. സെക്രട്ടറിയുടെ പരാതിയിൻമേല്‍ കേസെടുത്ത ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ഇവിടെ നിന്നുമാണ് ജാമ്യം ലഭിച്ചതെന്ന് വെള്ളനാട് പൊലീസ് അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറിയും വൈസ് പ്രസിഡന്‍റും അടുത്തയാഴ്ച ഹാജരാകണമെന്നും കോടതി പറഞ്ഞു.