കൊച്ചി: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവിയാണ് എ വി ശ്രീകുമാർ. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു.
എഡിറ്റോറിയല്‍ കമ്മിറ്റി തെറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ടോയെന്ന് ശ്രീകുമാറിനോട് ഹൈക്കോടതി ചോദിച്ചു. ഒരു വ്യക്തിയെ അപമാനിക്കുകയായിരുന്നു ഡിസി ബുക്സെന്നും ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പരാതിക്കാരനെ അപമാനിക്കുന്ന തരത്തില്‍ പ്രവർത്തിച്ചുവെന്നും കോടതി വിമര്‍ശിച്ചു. മുൻകൂർ ജാമ്യം നല്‍കാം, പക്ഷേ അപമാനിച്ചു എന്നത് വസ്തുതയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻറെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സില്‍ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങള്‍ ചോർത്തിയെന്നാണ് ഡിജിപിക്ക് നല്‍കിയ പൊലീസ് റിപ്പോർട്ട്.
ഇ പി ജയരാജനും ഡി സി ബുക്സും തമ്മില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡി സിയില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്ബോഴും ഈ കഥാഭാഗങ്ങള്‍ എങ്ങനെ ഡിസിയിലെത്തി എന്നതില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡി സി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തല്‍.