തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തലിന് തയ്യാറായില്ലെങ്കില്‍ ആ പാർട്ടി ഉണ്ടാവില്ലെന്ന് ഗാനരചയിതാവും സംഗീത സംവിധാകനുമായ ശ്രീകുമാരൻ തമ്പി. ഭരണകക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാം എന്ന് കരുതരുത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഇക്കാര്യങ്ങള്‍ പിണറായിയോട് പറയാനും തനിക്ക് മടിയില്ല. ഇടതു ചായ്വുള്ള എഴുത്തുകാർ വിമർശനങ്ങള്‍ ഉന്നയിക്കാത്തത് ഭയം കൊണ്ടാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. കലാകാരന് രാഷ്ട്രീയം ആകാം. പക്ഷെ കലാകാരനാണെങ്കില്‍ എതിർക്കും. ഇന്നത്തെ ചുറ്റുപാടില്‍ എതിർത്താല്‍ പാർട്ടികള്‍ തല്ലിക്കൊല്ലും. അത്ര മോശമായ കാലാവസ്ഥയാണ് നമ്മുടെ നാട്ടില്‍. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം.
ഇപ്പറയുന്ന കാര്യങ്ങള്‍ സഖാവ് പിണറായിയോട് പറയാനും എനിക്കൊരു മടിയുമില്ല. എല്ലാവരോടുമായിട്ടാ ഞാൻ പറയുന്നത്. കാരണം കമ്യൂണിസത്തെ തകർക്കാൻ കമ്യൂണിസ്റ്റുകാർക്ക് മാത്രമേ കഴിയൂ എന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. എസ്എഫ്ഐക്കാർ നടത്തിയ പൂക്കോട് സംഭവമുണ്ടല്ലോ അതതിന്റെ തുടക്കമാ. അത് കമ്യൂണിസ്റ്റുകാർ പഠിക്കണം. തിരുത്തലിന് തയ്യാറായില്ലെങ്കില്‍ പാർട്ടി ഇല്ലാതാകും. ഞങ്ങള്‍ ചെയ്യുന്നതെല്ലാം സമ്മതിക്കണം. ഇല്ലെങ്കില്‍ തല്ലും കൊന്നുകളയും എന്നു പറയുന്നത് കമ്യൂണിസമല്ല, ജനാധിപത്യവുമല്ല”- ശ്രീകുമാരൻ തമ്പി പറഞ്ഞു.