ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ മത്സരശേഷം കൈ കൊടുക്കാതെ പിരിഞ്ഞ് ബംഗ്ലാദേശ് ശ്രീലങ്ക താരങ്ങള്‍. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ പരസ്പരം ഷേക്ക്ഹാന്‍ഡ് നല്കാന് തയ്യാറാകാതെ ഗ്രൗണ്ട് വിട്ടത്.മത്സരത്തിനിടെ ഇരുടീമിലെയും താരങ്ങള്‍ നിരവധി പ്രാവശ്യം വാഗ്വാദങ്ങള്‍ ഉണ്ടായി. ശ്രീലങ്കന്‍ മുന്‍ നായകന് എയ്ഞ്ചലോ മാത്യൂസിന്റെ ‘ടൈംഡ് ഔട്ട്’ പുറത്താകലോടെയാണ് ഇത് കൂടുതല്‍ വഷളായതും. ശ്രീലങ്കന്‍ ഇന്നിങ്സിന്റെ 25-ാം ഓവറിലാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ എയ്ഞ്ചലോ മാത്യൂസിന്റ പുറത്താകല്‍ സംഭവിച്ചത്. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലേക്ക് എത്തിയത്. എന്നാല്‍, ഹെല്‍മറ്റിലെ സ്ട്രാപ്പിന്റെ പ്രശ്നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നു. ഉപയോഗിക്കാന്‍ സാധിക്കാത്ത ഹെല്‍മറ്റിന് പകരം മറ്റൊന്ന് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതെത്താനും വൈകുകയായിരുന്നു.
ഇതോടെയാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനോട് കാര്യങ്ങള്‍ പറഞ്ഞ് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മുന്‍ ലങ്കന്‍ നായകന് ശ്രമിച്ചിരുന്നു. എന്നാല്‍, ഷാക്കിബ് തങ്ങളുടെ നിലപാട് മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ മാത്യൂസിന് തിരികെ മടങ്ങേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ട് വിട്ട മാത്യൂസ് ഹെല്‍മറ്റ് തറയിലേക്ക് വലിച്ചെറിഞ്ഞാണ് വിക്കറ്റില്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. അതേസമയം, ഇതിന്റെ മധുരപ്രതികാരമെന്നോണമായിരുന്നു ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റ് നേടിയ ശേഷം എയ്ഞ്ചലോ മാത്യൂസിന്റെ ആഘോഷവും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 280 റണ്‍സ് വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിലേക്ക് വച്ചത്. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന് ഓപ്പണര്‍മാരെ നഷ്ടമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (90), ഷാക്കിബ് അല്‍ ഹസന് (82) എന്നിവര്‍ ചേര്‍ന്നാണ് ബംഗ്ലാദേശിനെ ജയത്തിനരികിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 159 റണ്‍സായിരുന്നു സ്കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. എയ്ഞ്ചലോ മാത്യൂസായിരുന്നു മത്സരത്തില്‍ ഇരുവരുടെയും വിക്കറ്റ് നേടിയത്. ആദ്യം ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റാണ് മാത്യൂസ് വീഴ്ത്തിയത്. ഈ വിക്കറ്റിന് പിന്നാലെ കയ്യില്‍ വാച്ചിലെ സമയം നോക്കുന്നതുപോലെ ആംഗ്യം കാണിച്ചായിരുന്നു മാത്യൂസ് ഷാക്കിബിന് യാത്രയയപ്പ് നല്‍കിയത്. തന്റെ അടുത്ത ഓവറില്‍ ആയിരുന്നു ഷാന്റോയുടെ വിക്കറ്റ് മാത്യൂസ് നേടിയത്.
അതേസമയം,7 വിക്കറ്റ് നഷ്ടപ്പെട്ട മത്സരത്തില്‍ 41.1 ഓവറിലാണ് ബംഗ്ലാദേശ് ജയത്തിലേക്ക് എത്തിയത്. ലോകകപ്പില്‍ ബംഗ്ലാദേശിന്റെ രണ്ടാമത്തെ ജയമായിരുന്നു ഇത്. ഈ ജയത്തോടെ 2025ലെ ചാമ്ബ്യന്‍സ് ട്രോഫി യോഗ്യത സാധ്യതകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി.