തിരുവനന്തപുരം: ഇന്ത്യയുമായുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തിയത്. അബുദാബി വഴി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം യാത്രാക്ഷീണം മുൻനിർത്തി ഇന്നലെയുള്ള പരിശീലനം ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ ഒഴിവ് സമയത്താണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറും പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചത്.
ഇരുവരും മുണ്ട് ധരിച്ച് കൊണ്ട് കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തു. ചിത്രത്തോടൊപ്പം എല്ലാവർക്കും നവരാത്രി ആസംസകളും നേർന്നിട്ടുണ്ട്. ഇന്ത്യൻ വംശജനായ കേശവ് മഹാരാജിന്റെ കുടുംബം ഉത്തർപ്രദേശിലെ സുൽത്താൻപൂർ സ്വദേശികളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം കാര്യവട്ടം വേദിയാകുന്ന അന്താരാഷ്ട്ര ടി20 മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീമിന് പിന്നാലെ ഇന്ത്യൻ ടീമും ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേർന്നിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഹൈദരാബാദിൽ നിന്നും 4.30നെത്തിയ വിമാനത്തിലാണ് തലസ്ഥാനത്തെത്തിയത്. പ്രിയ താരങ്ങളെ കണ്ട ആരാധകർ ജയ് വിളികളോടെയാണ് അവരെ സ്വീകരിച്ചത്. ഒപ്പം മലയാളി താരം സഞ്ജു സാംസണും ആരാധകർ ജയ് വിളിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും താരങ്ങളെ ഹൃദ്യമായി സ്വാഗതം ചെയ്തു.