കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നു ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്ത് രാജ്‌കോട്ടില്‍ ടീമിനൊപ്പമുള്ള പരിശീലനത്തിനിടെ പരുക്കേറ്റു നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്കെതിരെ കളിച്ച് 2 വിക്കറ്റുകള്‍ വീഴ്ത്തി.
2006ല്‍ വിദര്‍ഭയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം. 2011ല്‍ കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ശ്രീശാന്ത് അവസാന ടെസ്റ്റും കളിച്ചത്. ടെസ്റ്റ് ടീമിലെത്തുന്നതിന് മുമ്പെ ഏകദിനത്തില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ശ്രീശാന്ത് 2005ല്‍ ശ്രീലങ്കക്കെതിരെ ആണ് ഏകദിന ടീമില്‍ അരങ്ങേറിയത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീശാന്തിന്റെ അവസാന ഏകദിനവും. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്‌സില്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറിയ ശ്രീശാന്ത് 2008ല്‍ ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണിലാണ് അവസാനമായി ഇന്ത്യക്കായി ടി20യില്‍ കളിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ (2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും നേടി. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്റെ നേട്ടം.