കൊളംബോ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതപരമല്ലാതെ സംസ്കരിച്ചതില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മതപരമായ അവകാശങ്ങള്‍ നിഷേധിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് 2020-ല്‍ പുറപ്പെടുവിച്ച നിർബന്ധിത ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് 2021 ഫെബ്രുവരിയില്‍ പിൻവലിച്ചിരുന്നു. സംഭവത്തില്‍ മുസ്ലീം സമുദായത്തോട് മാപ്പ് പറയാനുള്ള നിർദേശം ശ്രീലങ്കൻ കാബിനറ്റ് തിങ്കളാഴ്ച ചേർന്ന യോഗത്തില്‍ അംഗീകരിച്ചതായി അറിയിച്ചു. ഇത്തരം വിവാദ നീക്കങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. മതപരമായ വിവേചനാധികാരത്തിൻ്റെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള നിർദ്ദിഷ്ട നിയമനിർമ്മാണത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി കുറിപ്പില്‍ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ നിർബന്ധിത ദഹിപ്പിക്കല്‍ നയത്തെ മുസ്ലീം സമുദായം എതിർത്തിരുന്നു.
മൃതദേഹങ്ങള്‍ ദഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ മുസ്ലിം വിഭാഗം മൃതദേഹങ്ങള്‍ ആശുപത്രി മോർച്ചറികളില്‍ ഉപേക്ഷിച്ച സംഭവമുണ്ടായി. ഒന്നുകില്‍ ശവസംസ്‌കാരത്തിന് തങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും അല്ലെങ്കില്‍ തങ്ങളെ അറിയിക്കാതെ ചെയ്യണമെന്നും സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം ദഹിപ്പിക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണ്. 2021 ഫെബ്രുവരിയില്‍ ഉത്തരവ് പിൻവലിക്കുന്നതുവരെ മുസ്ലീം വ്യക്തികളുടെ 276 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗത്തിന്റെ ആവശ്യത്തെ ശ്രീലങ്കൻ സർക്കാർ എതിർക്കുകയായിരുന്നു. കൊവിഡ് ഇരകളുടെ സംസ്‌കാരം ജലത്തെ മലിനമാക്കുമെന്നും അതുവഴി പകർച്ചവ്യാധി കൂടുതല്‍ വ്യാപിക്കുമെന്നുമാണ് സർക്കാർ അറിയിച്ചത്. എന്നാല്‍, യുഎൻ അടക്കം ശ്രീലങ്കൻ സർക്കാറിന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ചു. ശ്രീലങ്കൻ സർക്കാറിന്റെ തീരുമാനം ഇരകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വികാരങ്ങളെ മാനിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. നിർബന്ധിത ശവസംസ്കാര തീരുമാനം പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് (ഒഐസി) രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.