ഇന്ത്യൻ സിനിമയുടെ കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പിതാവിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നു. എന്നാൽ നടനായല്ല ക്യാമറയ്ക്ക് പിറകിൽ നിൽക്കാൻ ആണ് ആര്യൻ ഖാൻ താൽപര്യപ്പെടുന്നത്. ആര്യൻ ഖാന്റെ സംവിധാനത്തിൽ നെറ്ഫ്ലിക്സ് ഒരുക്കുന്ന ടിവി ഷോയുടെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. The Ba***ds of Bollywood എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ടൈറ്റിൽ ടീസർ വിഡിയോയിൽ വാർത്ത പ്രെസെന്റ ചെയ്യുന്നത് സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെയാണ്. Ba***ds എന്ന വാക്കിന്റെ പൂർണ രൂപം ഇത് വരെ പുറത്തു വിട്ടിട്ടില്ല.
ക്യാമറയ്ക്ക് മുൻപിൽ തന്റെ പ്രശസ്തമായ പഞ്ച്ലൈൻ ആയ “പിക്ച്ചർ അഭി ബാക്കി ഹേ” യെ ഉദ്ധരിച്ച് ചിത്രം ഇനിയുമേറെ വർഷങ്ങൾ ബാക്കിയാണ് എന്ന ഡയലോഗ് പറയുന്ന ഷാരൂഖ് ഖാനെ കട്ട് പറഞ്ഞു സംവിധായകൻ നിർത്തിക്കുന്നു. തുടർന്ന് അതെ ഡയലോഗ് പല മോഡുലേഷനിൽ പറയാൻ ശ്രമിക്കുന്ന ഷാരൂഖ് ഖാൻ എല്ലാ തവണയും സംവിധായകൻ തടസ്സപ്പെടുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ ദേഷ്യപ്പെട്ട് ‘ഈ ലോകം ഭരിക്കുന്നത് നിന്റെ അച്ഛൻ ആണോ’ എന്ന് ഷാരൂഖ് ചോദിക്കുമ്പോൾ അതെ എന്ന് മറുപടി പറയുന്ന സംവിധായക കസേരയിൽ ഇരിക്കുന്ന ആര്യൻ ഖാനെയാണ് പിന്നീട് കാണിക്കുന്നത്. പിന്നീട്, റിലീസിനൊരുങ്ങുന്ന ഷോയെ ഷാരൂഖ് ഖാൻ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും വലുതും, മോശവും, ധീരമായതും, രസകരമായതും, ഗൗരവമേറിയതും, ഭ്രാന്തമായതും ആയ ഷോ എന്നാണ്. അതിനു ശേഷം സീറ്റിൽ നിന്ന് എഴുന്നേൽക്കുന്ന ആര്യൻ ഖാൻ അച്ഛാ ക്യാമറ ഓൺ ആക്കാൻ മറന്നു എന്ന് പറയുമ്പോൾ, ഷാരൂഖ് ഖാൻ മകനെ തല്ലാൻ ഓടിക്കുന്നിടത്ത് ആണ് ടീസർ വീഡിയോ അവസാനിക്കുന്നത്.
അച്ഛനും മകനും ഒരുമിച്ച രസകരമായ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. കൂടാതെ സദാ ഗൗരവത്തിൽ ഇരിക്കാറുള്ള ആര്യൻ ഖാൻ ചിരിക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ 2023ൽ ‘ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നിരുന്നു. മകനും അതെ പാത പിന്തുടരും എന്ന് വിചാരിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താര പുത്രൻ ക്യാമറയ്ക്ക് പിന്നിലേക്ക് മാറുന്നത്.