ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കോട്ടയം: കൊവിഡ് സ്ഥിതി അതീവ ഗുരുതരമായതോടെ കോട്ടയം വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാല അടച്ചു. ചില്ലറ വിൽപ്പനശാലയിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഷോപ്പ് അടച്ചത്. ഇതിനിടെ നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലും കൊവിഡ് ആശങ്ക ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് വൈക്കത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നു ജീവനക്കാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് ഷോപ്പ് അടച്ചിടേണ്ട സാഹചര്യം ഉണ്ടായത്. ഇവിടെ പകരം ക്രമീകരണം ഒരുക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരെ പകരമായി ലഭിക്കാത്ത സാഹചര്യത്തിലാണ് ഷോപ്പ് അടച്ചിടേണ്ടി വന്നത്.
നാഗമ്പടം ബിവറേജസ് ഷോപ്പിലെ ചില്ലറ വിൽപ്പന ശാലയിൽ രണ്ടു ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു ഈ ജീവനക്കാരും പരിശോധനയ്ക്കായി നൽകിയിട്ടുണ്ട്. ഇന്നു ഉച്ചയോടെ ഇവരുടെ പരിശോധനാ ഫലം ലഭിക്കും. ഇതിനു ശേഷം മാത്രമേ ബിവറേജസ് ഷോപ്പിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.
കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഷോപ്പുകളിൽ എത്തുന്ന ഉപഭോക്താക്കൾ അതീവ ശ്രദ്ധ പാലിക്കണമെന്നു ബിവറേജസ് കോർപ്പറേഷൻ അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും കൃത്യമായ സാമൂഹിക അകലം പാലിക്കണമെന്നും, കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.