വാറങ്കൽ: എസ്ബിഐ ശാഖയില്‍ വൻ മോഷണം. ഏകദേശം 14.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വർണം മോഷ്ടാക്കള്‍ കൊണ്ടുപോയി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയില്‍ കടന്ന കള്ളന്മാർ സിസിടിവി ക്യാമറകളും അലാമും പ്രവർത്തന രഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായതായി കാണിച്ച് ബാങ്ക് അധികൃതർ പൊലീസില്‍ പരാതി നല്കി.
വാറങ്കല്‍ ജില്ലയിലെ രായപാർത്തി മണ്ഡല് ശാഖയിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച പ്രവൃത്തി സമയത്തിന് ശേഷം ബാങ്ക് അടച്ചിട്ട് പോയ ജീവനക്കാർ ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വ്യക്തികളുടെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മോഷണം പോയിട്ടില്ല. എന്നാല്‍ ആളുകള്‍ പണയം വെച്ച ആഭരണങ്ങളാണ് നഷ്ടമായത്. 497 പാക്കറ്റുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ആഭരണങ്ങള്‍. സിസിടിവിയുടെയും അലാമിന്റെയും വയറുകള്‍ മുറിച്ച മോഷണ സംഘം സിസിടിവി ഹാർഡ് ഡിസ്കും ബാങ്കില്‍ നിന്ന് എടുത്തുകൊണ്ടുപോയിട്ടുണ്ട്.