മാഡ്രിഡ്: സ്പാനിഷ് ലീഗിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ നാണംകെടുത്തി ബാഴ്‌സലോണ. റയല്‍ മാഡ്രിഡിനെ അവരുടെ മടയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്.റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ലാമിനി യമാലും റാഫീഞ്ഞയും ബാഴ്‌സലോണക്കായി വലകുലുക്കി. കെയ്‌ലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട റയലിനെ ഒന്നുമല്ലാതാക്കുന്ന ഏക പക്ഷീയ ജയമാണ് ബാഴ്‌സലോണ നേടിയെടുത്തത്. റയല്‍ മാഡ്രിഡ് ഇത്തവണ എതിരാളികളില്ലാത്ത വിധം വിജയക്കുതിപ്പ് തുടരുകയായിരുന്നു. 24 ജയവും 8 സമനിലയുമടക്കം തോല്‍വി അറിയാതെയായിരുന്നു ബാഴ്‌സയുടെ മുന്നേറ്റം. ഈ സീസണില്‍ ഏഴ് ജയവും മൂന്ന് സമനിലയുമടക്കം നേടി റയല്‍ മുന്നേറവെയാണ് ഇപ്പോള്‍ ചിരവൈരികളായ ബാഴ്‌സലോണയോട് മുട്ടുകുത്തേണ്ടി വന്നത്. 398 ദിവസത്തിന് ശേഷമാണ് റയല്‍ മാഡ്രിഡ് ലീഗ് മത്സരം തോല്‍ക്കുന്നത്. ചാമ്ബ്യന്‍സ് ലീഗില്‍ ലില്ലിക്കെതിരായ മത്സരത്തിന് ശേഷം ഈ സീസണിലെ റയലിന്റെ ആദ്യ തോല്‍വിയാണിത്.ശക്തമായ താരനിരയോടെ ഇറങ്ങിയിട്ടും റയലിന് ഒന്നും ചെയ്യാനാവാതെ പോയി എന്നതാണ് എല്ലാ ആരാധകരേയും നിരാശപ്പെടുത്തുന്നത്. റയലിനെതിരായ വമ്ബന്‍ ജയത്തോടെ ബാഴ്‌സലോണ റയലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തുകയും ചെയ്തു. തട്ടകത്തിലേറ്റ മാനഹാനിക്ക് ബാഴ്‌സലോണയുടെ തട്ടകത്തില്‍ റയലിന് മറുപടി നല്‍കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ലയണല്‍ മെസിക്ക് പകരം ബാഴ്‌സലോണ ആ സ്ഥാനത്തേക്ക് വളര്‍ത്തിയ ഇതിഹാസമാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ബയേണ്‍ മ്യൂണിക് താരം ബാഴ്‌സലോണക്കായി അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് തന്നെ പറയാം. രണ്ട് മിനുട്ടിനുള്ളില്‍ രണ്ട് ഗോള്‍ നേടിയാണ് ലെവന്‍ഡോസ്‌കി റയലില്‍ നിന്ന് മത്സരം തട്ടിയെടുത്തത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് നാല് ഗോളും പിറന്നത്. 54, 56 മിനുട്ടുകളിലാണ് ലെവന്‍ഡോസ്‌ക്കിയുടെ ഗോള്‍ നേട്ടം.77ാം മിനുട്ടില്‍ യമാലും 84ാം മിനുട്ടില്‍ റാഫീഞ്ഞയും ബാഴ്‌സലോണക്കായി ലക്ഷ്യം കണ്ടു. ഇത്തരമൊരു വമ്ബന്‍ തോല്‍വി റയല്‍ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുണ്ടാവില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഓര്‍മകള്‍ പേറുന്ന റയല്‍ മാഡ്രിഡ് ബാഴ്‌സലോണയോട് ഇത്തരത്തില്‍ നാണംകെട്ടത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് തന്നെ പറയാം. ഇനിയൊരു തിരിച്ചടി കൊടുക്കുകയെന്നത് എളുപ്പമല്ല. എന്തായാലും റയലിന് വലിയ നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് നിസംശയം പറയാം.ആദ്യ പകുതി മുതല്‍ ബാഴ്‌സലോണ ആക്രമിച്ച് കളിച്ചപ്പോള്‍ റയല്‍ അല്‍പ്പം കൂടി പ്രതിരോധ ശൈലിയാണ് പുറത്തെടുത്തത്. 42% മാത്രം പന്തടക്കിവെച്ച റയല്‍ ഒമ്ബതിനെതിരേ എട്ട് ഗോള്‍ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍ ഫിനിഷിങ്ങില്‍ മികവില്ലാതെ പോയതും ബാഴ്‌സലോണ പ്രതിരോധത്തിന്റെ മിടുക്കും റയലിന്റെ പ്രതീക്ഷകളെല്ലാം തകര്‍ക്കുകയായിരുന്നു. എല്‍ ക്ലാസിക്കോയില്‍ മികച്ച പോരാട്ടം പ്രതീക്ഷിച്ചപ്പോള്‍ ബാഴ്‌സലോണ അനായാസമായി ജയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.