തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 9.30ന് ഓണ്‍ലൈനായി ചേരും. കൊവിഡ് ഇളവുകള്‍ വന്ന ശേഷം ആദ്യമായാണ് ഓണ്‍ലൈനായി മന്ത്രിസഭാ യോഗം ചേരുന്നത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്നവും ഒമിക്രോണ്‍ സാഹചര്യവും മന്ത്രിസഭായ യോഗം ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി സംസ്ഥാനത്തിന് പുറത്തായതിനാലാണ് മന്ത്രിസഭാ യോഗം ഓണ്‍ലൈനായി ചേരുന്നത്.സി പി എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്, പിന്നീടു ചികിത്സയ്ക്കായി ചെന്നൈയിലേക്കു പോയിരുന്നു. ചെന്നൈയിലെ ചികിത്സ്ക്കുശേഷം മുഖ്യമന്ത്രി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തു മടങ്ങിയെത്തിയേക്കും. നാളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരത്തു നടക്കുന്നുണ്ട്.
ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് ശേഷമുള്ള പോലീസ് നടപടികള്‍,സമാധാനശ്രമങ്ങള്‍ എന്നിവ മുഖ്യമന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രി സജി ചെറിയാനും വിശദീകരിച്ചേക്കും. ആഭ്യന്തരവകുപ്പ് നിഷ്ക്രിയമാണെന്ന ആരോപണം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ അവസരത്തിലാണ് മന്ത്രി സഭായോഗം ചേരുന്നത്.സംസ്ഥാനത്തെ ഒമിക്രോണ്‍ സ്ഥിതിയും മന്ത്രിസഭ വിലയിരുത്തും. അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികളും വിപണി ഇടപെടലും പരിഗണനയ്ക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.