ദില്ലി : യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ അർഫാത്തി(25)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ വീട്ടിലെത്തിച്ചത്. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിലാണ് അബ്ദുല്‍ അർഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിരുന്നു. മാർച്ച് 7 മുതല്‍ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ മൂന്നാഴ്ച്ചയ്ക്ക് ശേഷം അർഫാത്തിനെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. അർഫാത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് മുഹമ്മദ് സലീം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ പൂർത്തിയാക്കിയാണ് മൃതദേഹം ഹൈദരാബാദിലെ വീട്ടിലെത്തിച്ചത്.
ഹൈദരാബാദ് സ്വദേശിയായ അർഫാത്ത് കഴിഞ്ഞ വർഷം മേയിലാണ് ഐടിയില്‍ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‍ലാൻഡ് സർവകലാശാലയില്‍ എത്തിയത്. മാർച്ച് ഏഴിനാണ് അർഫാത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്. മകനുമായി മാർച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അർഫത്തിന്‍റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു. മാർച്ച് 19 ന് ഒരു അജ്ഞാത വ്യക്തിയില്‍ നിന്ന് ഫോണ്‍ വിളി വന്നിരുന്നു. അർഫാത്തിനെ തട്ടിക്കൊണ്ടു പോയതാണെന്നും 1,200 ഡോളർ നല്‍കണമെന്നും ആവശ്യപ്പെട്ടു. മകനോട് സംസാരിക്കാൻ അനുവദിക്കണമെന്ന് വിളിച്ചയാളോട് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല- പിതാവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും കൊല്ലപ്പെട്ട നിലയിലാണ് അർഫാത്തിനെ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഈ വർഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് അർഫാത്ത്. ഇതില്‍ മിക്കതും വിദ്യാർഥികളാണ്. യുഎസിലെ കണക്കുകള്‍ പ്രകാരം 2022-23 കാലത്ത് 2.6 ലക്ഷം ഇന്ത്യൻ വിദ്യാർഥികള്‍ യുഎസിലേക്ക് കുടിയേറിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്. അടുത്തിടെ ഇന്ത്യൻ വംശജയായ ഉമ സത്യസായ് ഗദ്ദെയെ അമേരിക്കയിലെ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നർത്തകൻ അമർനാഥ് ഘോഷ് മിസൗറിയിലെ സെന്‍റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. ബോസ്റ്റണ്‍ സർവകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയായ പരുചൂരി അഭിജിത്തും മാർച്ച് മാസം കൊല്ലപ്പെട്ടിരുന്നു.