ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഗോ സംരക്ഷണ സംഘം പിന്തുടർന്ന് കൊലപ്പെടുത്തി. ഓഗസ്റ്റ് 23 ന് നടന്ന ആക്രമണത്തിൽ സംഘത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഡൽഹി-ആഗ്ര ദേശീയ പാതയിൽ ഹരിയാനയിലെ ഗധ്പുരിക്ക് സമീപമാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ആര്യൻ മിശ്ര, സുഹൃത്തുക്കളായ ഷാങ്കി, ഹർഷിത്ത് എന്നിവർ പ്രദേശത്തിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കാറിൽ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചുവെന്നും വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ കാർ തടഞ്ഞ് നിർത്താൻ ശ്രമം നടത്തിയെന്നും പൊലീസ് പറഞ്ഞു. നിർത്താതെ പോയ കാറിനെ പിന്തുടർന്ന പ്രതികൾ കാറിലുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മുപ്പത് കിലോമീറ്ററോളം പിന്തുടർന്നാണ് വെടിയുതിർത്തത്.
അതേസമയം കാറിലുള്ളവർക്ക് പശുക്കടത്തുമായി ഒരു ബന്ധവുമില്ല എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും നിയമവിരുദ്ധമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.