കോട്ടയം: ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. രാമചന്ദ്രന്‍ കമ്മിറ്റിയുമായി വിശദമായ ചര്‍ച്ച നടത്തിയതിനൊടുവിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. മിനിമം നിരക്ക് പത്ത് രൂപയാക്കാനാണ് തീരുമാനമെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുടരുമെന്നും റേഷന്‍കാര്‍ഡ് അടിസ്ഥാനമാക്കി ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞത് പ്രതിഷേധത്തിന് വഴിവച്ചു. കെ.എസ്.യു, എബിവിപി, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥിസംഘടനകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളെ തുല്യരായി കാണണമെന്നും റേഷന്‍കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തരംതിരിവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥിസംഘടനകള്‍ അറിയിച്ചു.
ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കി ഉയര്‍ത്തിയിരുന്നു. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു. എന്നാല്‍ ഇന്ധന വിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെയാണ് വീണ്ടും നിരക്ക് വര്‍ധനവ് എന്ന ആവശ്യം ബസുടമകള്‍ ഉന്നയിച്ചത്.