തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും, എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗവും ആയ ധീരജിനെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രസ്താവനയിറക്കി എസ്എഫ്ഐ. അക്രമത്തില്‍ മറ്റ് മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിട്ടുണ്ട്. എഞ്ചിനിയറിംഗ് കോളേജിന്റെ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം പുറമേ നിന്ന് സംഘം ചേര്‍ന്ന് വന്ന കോണ്‍ഗ്രസ്സ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്.
കേരളത്തിന്റെ കലാലയങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ആസൂത്രിതമായ ശ്രമമാണ് കോണ്‍ഗ്രസ്സിന്റെയും കെ.എസ്.യു വിന്റെയും ഗുണ്ടാ സംഘങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. യാതൊരു സംഘര്‍ഷങ്ങളുടെയും പശ്ചാത്തലം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഈ കശാപ്പ് കോണ്‍ഗ്രസ്സ് ഗുണ്ടകള്‍ നടത്തിയിട്ടുള്ളത്. സഖാവ് ധീരജിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കൊലപാതകികളായ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ്സ് ഗുണ്ടകളെ സമൂഹ മനസാക്ഷി ഒറ്റപ്പെടുത്തണമെന്നും, സ. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനത്തിനും, ചൊവ്വാഴിച്ച (11.01.2022) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് പ്രതിഷേധത്തിനും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന് ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.