ഇടുക്കി : കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി നിയമ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ ഭീഷണി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാ ഭീഷണി ഉയര്‍ത്തുന്നത്. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ മൂന്നുനില കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുകയാണ്. കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ത്ഥികളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഒരു മണിക്കൂറിലധികമായി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയാണ്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കെട്ടിടത്തിന് മുകളില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുന്നത്. നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരു കുട്ടിക്ക് വേണ്ടി തിരുമറി നടത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇവര്‍ സമരം നടത്തിയിരുന്നു. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നല്കിയ ഏഴു പേരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മാര്‍ക്ക് തിരിമറി ചെയ്ത പ്രിന്‍സിപ്പാള്‍ രാജിവെക്കുക, സസ്പെന്ഷന് നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി തൊടുപുഴ ഡിവൈഎസ്പി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി താഴെ വല വിരിച്ചു നില്‍ക്കുകയാണ്.