എറണാകുളം: സപ്ലൈക്കോ കടുത്ത പ്രതിസന്ധിയില്‍. കുടിശ്ശികയില്‍ ടെൻഡർ മുടങ്ങി. കഴിഞ്ഞ 29ആം തിയതി നടന്ന ടെൻഡറില്‍ വിതരണക്കാർ ആരും പങ്കെടുത്തില്ല. സബ്സിഡി ഉത്പന്നങ്ങള്‍ അടക്കം 40 ഇനങ്ങള്‍ക്കാണ് ടെൻഡർ ക്ഷണിച്ചത്. വിതരണക്കാർക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്. ഇനിയും കുടിശ്ശിക തീർത്തില്ലെങ്കില്‍ ടെൻഡറില്‍ പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി. ടെൻഡർ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങള്‍ സ്റ്റോറുകളില്‍ എത്തിയിരുന്നു. ടെൻഡർ മുടങ്ങിയതിനാല്‍ ഈ ദിവസങ്ങളില്‍ ഉത്പന്നങ്ങള്‍ സ്റ്റോറുകളില്ലെത്തില്ല.
അടുത്തയാഴ്ച വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്. ശബരി ഉത്പന്നങ്ങളും, പാക്ക്ഡ് ഉത്പന്നങ്ങളും മാത്രമാണ് സപ്ലൈക്കോ സ്റ്റോറുകളില്‍ ഇപ്പോഴുള്ളത്. സഹകരണവകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറുകള്‍ മുഖം മാറ്റാൻ ഒരുങ്ങുകയാണ്. കച്ചവടം കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് കൂടുതല്‍ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ആലോചന. സെല്‍ഫ് സർവീസ് രീതിയിലേക്ക് മാറാനും തീരുമാനം ഉണ്ട്. സൂപ്പർ മാർക്കറ്റ് മാതൃകയില്‍ വില്‍പ്പന ശാലകള്‍ പുനർവിന്യസിക്കും. കഴിഞ്ഞ 3 മാസത്തിനിടെ സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിലെ വില്പന 30 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.