ന്യൂഡൽഹി : സനാതന ധർമത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡി.എം.കെ. നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിനും, മതസ്വാതന്ത്ര്യത്തിനും ഭരണഘടന നല്കുന്ന അവകാശം ഉദയനിധി സ്റ്റാലിൻ ലംഘിച്ചെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റെതായിരുന്നു പരാമർശം. സനാതനധർമം കേവലം എതിർക്കെപ്പെടേണ്ടതല്ല, പൂർണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവന. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം.
ഈ പരാമർശത്തിന് ആറ് സംസ്ഥാനങ്ങളില്‍ ഉദയനിധി സ്റ്റാലിനെതിരെ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ എല്ലാം ഒരു സ്ഥലത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ടാണ് ഉദയനിധി സ്റ്റാലിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ച് ഉദയനിധി സ്റ്റാലിൻ ഒരു സാധാരണ വ്യക്തിയല്ലെന്ന് ചൂണ്ടിക്കാട്ടി. അഭിപ്രായ പ്രകടനത്തിന്റെ പ്രത്യാഘാതം ഉദയനിധി സ്റ്റാലിന് അറിയാവുന്നതാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉദയനിധിയുടെ ഹർജി അടുത്ത വെള്ളി ആഴ്ച് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.